Sorry, you need to enable JavaScript to visit this website.

സി പി എം നേതാവ് പി.കെ ശശിക്കെതിരെയുള്ള കോടികളുടെ അഴിമതി രേഖകള്‍ പുറത്തായി

പാലക്കാട്: സി പി എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെ ടി ഡി സി ചെയര്‍മാനുമായ പി.കെ ശശിക്കെതിരായ ഫണ്ട് തിരിമറി ആരോപണത്തെ സംബന്ധിച്ച തെളിവുകള്‍ പുറത്തായി. ഒരു ടെലിവിഷന്‍ ചാനലാണ് ഇത് സംബന്ധിച്ച രേഖകള്‍ ആദ്യം പുറത്ത് വിട്ടത്. പാര്‍ട്ടി ഫണ്ട് തിരിമറിയുടെ രേഖകളാണ് പുറത്ത് വന്നത്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയാണ് ശശിക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിശ്ചയിച്ച  സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന് തെളിവുകള്‍ കൈമാറിയത്.

സി പി എം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് 5 കോടി 60 ലക്ഷം രൂപ യുണിവേഴ്സല്‍ കോളേജിന് ഓഹരി വാങ്ങിയതിന്റെ രേഖകള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അടക്കം ലഭ്യമാക്കിയിട്ടുണ്ട്. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ വകുപ്പിലെ വിവിധ സൊസെറ്റികളില്‍ പാര്‍ട്ടി അറിയാതെ 35 നിയമനങ്ങള്‍ നടത്തി. യൂണിവേഴ്സല്‍ കോളേജില്‍ ചെയര്‍മാനാകാന്‍ മണ്ണാര്‍ക്കാട് താലൂക്കിലുള്ള സഹോദരിയുടെ അഡ്രസില്‍ അഡ്രസ് പ്രുഫ് ഉണ്ടാക്കിയതിന്റെ രേഖകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്

പി.കെ .ശശിയുടെ ഡ്രൈവര്‍ പി.കെ ജയന്റെ പേരില്‍ അലനല്ലൂര്‍ വില്ലേജ് പരിസരത്ത് ഒരു കോടിക്ക് മുകളില്‍ വിലയില്‍ വാങ്ങിയ സ്ഥലത്തിന്റെ ആധാരം, പോക്ക് വരവ് സര്‍ട്ടിഫിക്കറ്റുകള്‍, യൂണിവേഴ്സല്‍ കോളേജിന് സമീപം മകന്റെ പേരില്‍ വാങ്ങിയ ഒരേക്കര്‍ സ്ഥലത്തിന്റെ രേഖകള്‍ എന്നിവയും അന്വേഷണ കമ്മീഷന്  കൈമാറി. മണ്ണാര്‍ക്കാട് നഗരസഭയില്‍ പാവാടിക്കുളത്തിന് സമീപത്തുള്ള പാര്‍ട്ടിയുടെ സ്ഥല കച്ചവടത്തിന്റെ രേഖകള്‍, പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസ് ആയ നായനാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പി കെ ശശിയുടെ റൂറല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയ 10 ലക്ഷത്തിന്റെയും ജില്ലാ സമ്മേളനം നടത്തിയ വകയില്‍ ശശിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ 10 ലക്ഷം രൂപയുടെയും തെളിവുകള്‍ എന്നിവയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി കൈമാറിയിട്ടുണ്ട്.

 

Latest News