ഒരു മിഠായി ഉണ്ടാക്കിയ പുലിവാലുമൂലം ന്യൂദല്‍ഹിയില്‍ നിന്ന ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ബുഡാപെസ്റ്റിലിറക്കി. 78 കാരിയുടെ ശ്വാസനാളത്തില്‍ മിഠായി കുടുങ്ങുകയും ശ്വാസ തടസ്സം ഉണ്ടാവുകയും ചെയ്തതോടെയാണ് വിമാനം പാതിവഴിയില്‍ ഇറക്കേണ്ടി വന്നത്. മിഠായി കുടുങ്ങി ശ്വാസ തടസ്സം ഉണ്ടായ വൃദ്ധയ്ക്ക് വിമാനത്തിലെ യാത്രക്കാരായ ഡോക്ടര്‍ ദമ്പതികളായ അനുപം ഗോയലും മിഷയും പ്രാഥമിക ചികിത്സ നല്‍കിയതാണ് രക്ഷയായത്.
ശ്വാസം ലഭിക്കാതെ അബോധവസ്ഥയിലായ സ്ത്രീക്ക് എന്താണ് പറ്റിയതെന്ന് വ്യക്തമായിരുന്നില്ലെന്ന് പ്രാഥമിക ചികിത്സ നല്കിയ ഡോക്ടര്‍ ദമ്പതികള്‍ പറഞ്ഞു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ലണ്ടന്‍ വരെയുള്ള യാത്ര വൃദ്ധയ്ക്ക് അതിജീവിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ വ്യക്തമാക്കി. അതോടെ പൈലറ്റ് വിമാനം അടിയന്തിരമായ ബുഡാപെസ്റ്റിലിറക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൃദ്ധയുടെ ശ്വാസനാളത്തില്‍ മിഠായി കുടുങ്ങിയതാണ് അപകടകാരണമെന്ന് കണ്ടെത്തി. ലണ്ടനില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് അനുപം ഗോയലും മിഷയും പോയത്. ഇവരുടെ സമയോചിത ഇടപെടലാണ് വൃദ്ധയുടെ ജീവന് രക്ഷിച്ചത്.