ഉച്ചാരക്കടവ്, മലപ്പുറം- ഇന്നത്തെ പകല്‍ കേരളത്തിലുടനീളം അത്യുഷ്ണമായിരുന്നു, കൊണ്ടോട്ടിയും മലപ്പുറവും പെരിന്തല്‍മണ്ണയും തിളച്ചു മറിഞ്ഞു. ഉച്ച പതിനൊന്നിന് തുടങ്ങിയ കടുപ്പമേറിയ ചൂട് അസ്തമയം വരെ തുടര്‍ന്നു. രാവിലെ പതിനൊന്നിനും ഉച്ച നാലിനുമിടയ്ക്ക് പുറത്തിറങ്ങുന്നത് അപകടകരമാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പെരിന്തല്‍മണ്ണ മുതല്‍ ഉച്ചാരക്കടവ് വഴി പാലക്കാട്ടെ അലനല്ലൂരിലെത്തുന്ന സംസ്ഥാന പാതയില്‍ മുന്നറിയിപ്പ് നല്കിയ സമയത്ത് ഒരു മനുഷ്യനേയും പുറത്തു കണ്ടില്ല. പൊതു ഗതാഗത സംവിധാനങ്ങള്‍ പേരിനേ സര്‍വീസ് നടത്തിയുള്ളു. അതിലാകട്ടെ എന്‍ജിനിയറിംഗ് കോളജ് പഠനം കഴിഞ്ഞു വരുന്ന ഏതാനും വിദ്യാര്‍ഥികള്‍ മാത്രം. മലപ്പുറം ജില്ലയിലെ ഏറ്റവും തിരക്കേറിയ നഗരമായ പെരിന്തല്‍മണ്ണയില്‍ അത്യുഷ്ണം കാരണം ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ടു. മലപ്പുറം കോട്ടപ്പടിയിലൊക്കെ ആഞ്ഞു വീശിയ ഉഷ്ണക്കാറ്റിന് വേനലില്‍ സൗദിയില്‍ അനുഭവപ്പെടുന്ന പൊടിക്കാറ്റിന്റെ പ്രതീതി. ഫിബ്രുവരി തീരുന്നതിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ എങ്ങിനെയായിരിക്കുമെന്ന് പഴമക്കാര്‍ ചോദിക്കുന്നുണ്ടായിരുന്നു. കേരളത്തില്‍ പകല്‍ പതിനൊന്ന് മുതല്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി മുന്നറിയിപ്പ് നല്കി. സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നന്നവയാണ്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. ജല നഷ്ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്. ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു.നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെ ഉണ്ടാകുകയും ചെയ്യുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളം തെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മ്മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം- മന്ത്രി പറഞ്ഞു.