ടോക്കിയോ- വടക്കൻ ജപ്പാനിലെ ഹോക്കൈഡോയിൽ ശനിയാഴ്ച രാത്രി 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. യു.എസ് ജിയോളജിക്കൽ സർവേയും ജപ്പാൻ കാലാവസ്ഥാ ഏജൻസിയുമാണ് ഇക്കാര്യം അറിയിച്ചത്. തീരദേശ നഗരങ്ങളായ കുഷിറോ, നെമുറോ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. അതേസമയം സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. നാശനഷ്ടങ്ങളോ പരിക്കുകളോ ഉടനടി റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം രാത്രി 10:27 ന് 43 കിലോമീറ്റർ (27 മൈൽ) താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ഒരാഴ്ചയോളം ഭൂകമ്പങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.
തെക്കുകിഴക്കൻ ഏഷ്യയിലൂടെയും പസഫിക് തടത്തിലൂടെയും വ്യാപിച്ചുകിടക്കുന്ന തീവ്രമായ ഭൂകമ്പ പ്രവർത്തനത്തിന്റെ ഒരു കമാനമായ പസഫിക് 'റിംഗ് ഓഫ് ഫയർ' സ്ഥിതി ചെയ്യുന്ന ജപ്പാനിൽ ഭൂകമ്പങ്ങൾ സാധാരണമാണ്.
ശക്തമായ ഭൂകമ്പങ്ങളെ നേരിടാൻ കെട്ടിടങ്ങൾക്ക് കഴിയുമെന്ന് ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള കർശനമായ നിർമ്മാണ നിയന്ത്രണങ്ങൾ രാജ്യത്ത് ഉണ്ട്. തുർക്കിയിലെ ഭൂകമ്പത്തിന്റെ കെടുതി അവസാനിക്കുന്നതിന് മുമ്പേയാണ് ജപ്പാനിലും ഭൂചലനമുണ്ടായത്.