പട്‌ന - ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇനി ഒരിക്കലും സഖ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി പദമോഹത്തിലാണ് നിതീഷ് കുമാര്‍ ബി.ജെ.പിയുമായുള്ള സഖ്യമുപേക്ഷിച്ചു കോണ്‍ഗ്രസും ആര്‍.ജെ.ഡിയുമായി കൈകോര്‍ത്തത്. മൂന്നു വര്‍ഷം കൂടും തോറും നിതീഷിനു പ്രധാനമന്ത്രി സ്ഥാനമോഹം കലശലാകുമെന്നും അമിത് ഷാ പരിഹസിച്ചു. നിതീഷിനു മുന്നില്‍ ബിജെപിയുടെ വാതില്‍ എന്നെന്നേക്കുമായി കൊട്ടിയടച്ചുവെന്നു ചമ്പാരനില്‍ ബി.ജെ.പി റാലിയില്‍ അമിത് ഷാ പറഞ്ഞു.
ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനു മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത നിതീഷ് കുമാര്‍ എന്നാണതു സംഭവിക്കുകയെന്നുകൂടി വ്യക്തമാക്കണം. ആര്‍.ജെ.ഡി - കോണ്‍ഗ്രസ് ജംഗിള്‍ രാജിനെതിരെ പോരാടിയ നിതീഷ് കുമാര്‍ തന്നെ ബിഹാറില്‍ വീണ്ടും ജംഗിള്‍ രാജിനു വഴിയൊരുക്കി. നിതീഷ് കുമാര്‍ വികസന വാദിയില്‍നിന്ന് അവസരവാദിയായി അധഃപതിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ബീഹാറില്‍ ബി.ജെ.പി തനിച്ചു ഭൂരിപക്ഷം നേടി അധികാരത്തിലെത്തേണ്ട കാലം അതിക്രമിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തിനു കളമൊരുങ്ങുമെന്നും അമിത് ഷാ അവകാശപ്പെട്ടു.