മുസ്‌ലിം സംഘടനകളും ആർ.എസ്.എസുമായി നടന്ന ചർച്ചയും അതിൽ ജമാഅത്തെ ഇസ്‌ലാമി പങ്കെടുത്തതുമാണല്ലോ ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ ചർച്ചാവിഷയം. ജനജീവിതം ദുസ്സഹമാക്കുന്ന രീതിയിൽ എല്ലാ മേഖലകളിലും നികുതി വർധിപ്പിക്കുകയും പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം സെസ് ഏർപ്പെടുത്തുകയും ചെയ്ത സംസ്ഥാന ബജറ്റിനെതിരായ ജനരോഷത്തെയും സമരങ്ങളെയും അപ്രസക്തമാക്കാനാണ് ഈ കോലാഹലമെന്ന് വ്യക്തമാണ്. അല്ലെങ്കിൽ നേരത്തെ ആർ.എസ്.എസുമായി ചർച്ച നടത്തിയിട്ടുള്ളവർക്ക്, ഏറെ കാലം തെരഞ്ഞെടുപ്പുകളിൽ ജമാഅത്തിന്റെ പിന്തുണ നേടിയവർക്ക് ഈ വിഷയത്തെ പർവതീകരിക്കേണ്ട കാര്യമില്ലല്ലോ.
തീർച്ചയായും ഇന്നത്തെ സാഹചര്യത്തിൽ ആർ.എസ്.എസുമായി മുസ്‌ലിം സംഘടനകൾ രഹസ്യ ചർച്ച നടത്തിയത് ശരിയാണോ എന്ന ചോദ്യം പ്രസക്തമാണ്. കേന്ദ്ര സർക്കാരിനെ നയിക്കുന്ന ഒരു സംഘടനയുമായി ചർച്ച നടത്തരുത് എന്ന നിലപാട് സ്വീകരിക്കുന്നത് ബുദ്ധിപരമല്ലെന്നാണ് ഇക്കാര്യത്തിൽ ജമാഅത്തിന്റെ നിലപാട്. സമൂഹത്തിലെ ഏതെങ്കിലും വിഭാഗവുമായി ഇടപഴകുന്നതിൽ യാതൊരു പ്രതിബന്ധവും ഉണ്ടാകരുതെന്ന നിലപാടുള്ളവരും ചർച്ചയിൽ വിശ്വസിക്കുന്നവരുമാണ് തങ്ങളെന്നും അതാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും അവർ പറയുന്നു. എന്നാൽ ചർച്ചയിൽ ആർ.എസ്.എസ് പ്രധാനമായും ഉയർത്തിയത് കാശി, മഥുര മസ്ജിദ് വിഷയങ്ങളാണെന്നും അക്കാര്യത്തിൽ ഒത്തുതീർപ്പിനില്ലെന്നും പറയുന്ന ജമാഅത്ത് നേതൃത്വം ചർച്ചകൾ തുടരുമെന്നും പറയുന്നുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്താൻ സി.പി.എമ്മും ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളും ചർച്ച നടത്തിയതിനെ ജമാഅത്തെ ഇസ്‌ലാമി അതിരൂക്ഷമായി വിമർശിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ ഏതെങ്കിലും സംഘടന ആർ.എസ്.എസുമായി ചർച്ച നടത്തി മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിലേക്കും ഭൂരിപക്ഷ പ്രീണനത്തിലേക്കും തിരിയരുത് എന്ന നിലപാടാണ് തങ്ങൾക്കെന്നും അവർ പറയുന്നു.
തീർച്ചയായും ഗൗരവപരമായ വിഷയമാണിത്. ഒന്നു ശരിയാണ്. ശ്രീ എം എന്ന ആത്മീയ ആചാര്യന്റെ മധ്യസ്ഥതയിൽ ആർ.എസ്.എസ് നേതാക്കളായ ഗോപാലൻ കുട്ടിയുമായും വത്സൻ തില്ലങ്കേരിയുമായും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നടത്തിയ ചർച്ചകളെ തുടർന്ന് സി.പി.എം -ആർ.എസ്.എസ് സംഘട്ടനങ്ങൾ കുറഞ്ഞിട്ടുണ്ട്. പിന്നീട് പല കോൺഗ്രസുകാരും കൊല്ലപ്പെട്ടു എന്നത് വേറെ കാര്യം. അതുപോലെ സംഘപരിവാറുകാരാൽ പല സി.പി.എമ്മുകാരും കൊല്ലപ്പെട്ടു. സംഘപരിവാർ - എസ്.ഡി.പി.ഐ സംഘട്ടനങ്ങളും കൊലപാതകങ്ങളും നടന്നു. അതേസമയം, ഒരു സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പോലെയാണോ സമകാലിക ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ മുസ്‌ലിം സംഘടനകൾ ആർ.എസ്.എസുമായി ചർച്ച നടത്തുന്നതെന്ന ചോദ്യം പ്രസക്തമാണ്. ചർച്ച നടന്നിട്ടും പശുവിന്റെ പേരിൽ കൊലകൾ നടന്നു എന്ന വാർത്ത ഈ സംശയത്തെ ബലപ്പെടുത്തുന്നു.
ഗാന്ധിജിയെ വെടിവെച്ച് കൊന്ന ശേഷം വിചാരണ കോടതിയിൽ ഗോഡ്സെ പറഞ്ഞത് ഗാന്ധിജി മുസ്‌ലിംകളെ തുല്യ പൗരന്മാരായി കാണുന്ന എന്നാണ്. അതൊരിക്കലും അംഗീകരിക്കാനാവില്ല എന്നു തന്നെയാണ് ഗോഡ്‌സെയുടെ പിൻഗാമികളുടെ ഇപ്പോഴത്തേയും നിലപാട്. ബാബ്‌രി മസ്ജിദ് തകർത്തതും വംശീയ കൂട്ടക്കൊലകളും പൗരത്വ ഭേദഗതി നിയമവുമൊക്കെ അതിന്റെ പ്രഖ്യാപനങ്ങളാണ്. വേണമെങ്കിൽ വോട്ടവകാശം പോലുമില്ലാതെ അടങ്ങിയൊതുങ്ങി ഇവിടെ കഴിയാമെന്നു പോലും അവർ പ്രഖ്യാപിച്ചിരുന്നല്ലോ. ഈ നിലപാടിൽ ഒരു മാറ്റവുമില്ലാത്തിടത്തോളം കാലം ഇത്തരം ചർച്ചകൾ അർത്ഥശൂന്യം തന്നെയാണ്. അതിനെ ജനാധിപത്യത്തിലെ ചർച്ചകൾ എന്ന ഗണത്തിൽ ഉൾപ്പെടുത്താനാവുമോ എന്ന ചോദ്യം പ്രസക്തവുമാണ്. അതും അടച്ചിട്ട മുറികളിൽ നടക്കുന്ന, സുതാര്യമല്ലാത്ത, ജനങ്ങളിൽ നിന്നു മറച്ചുവെക്കുന്ന ചർച്ചകൾ. ഇത്തരം ചർച്ചകളിലൂടെ ന്യൂനപക്ഷങ്ങളിൽ ഒരു വിഭാഗത്തിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്ന് സമർത്ഥിക്കുകയാണ് ആർ.എസ്.എസ് ലക്ഷ്യമെന്നത് പകൽ പോലെ വ്യക്തമാണ്. ഈ ചർച്ചയാകട്ടെ ഒരിക്കലും തുല്യതയിൽ അധിഷ്ഠിതമല്ല, ശക്തിമാനും ദുർബലനും തമ്മിൽ നടക്കുന്നതാണ്. അതിന്റെ നേട്ടമുണ്ടാകുക ശക്തിമാനു തന്നെയാണ് എന്നുറപ്പ്.
അതേസമയം ഇതിനൊരു മറുവശവുമുണ്ട്. ആർ.എസ്.എസിനോട് രഹസ്യ ചർച്ച നടത്തി സംരക്ഷണം നേടുക എന്നൊരു ദുരന്തത്തിലേക്ക് മുസ്‌ലിം സംഘടനകൾ എത്തപ്പെടുന്നു എന്നതാണിത്. അക്കാര്യത്തിൽ രാജ്യത്തെ ഓരോ ജനാധിപത്യവാദിയും മതേതരവാദിയും ഉത്തരവാദിയാണ്. സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും ഇരകൾക്കൊപ്പം വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും ചെയ്യാൻ ഇവരാരെങ്കിലും തയാറുണ്ടോ? ഇല്ല എന്നതാണ് വസ്തുത.
മിക്കവാറും പ്രതിപക്ഷ പാർട്ടികൾ പോലും അതിനു തയാറല്ല. ഭൂരിപക്ഷ വോട്ടിലാണ് അവരുടെയും കണ്ണ്. ഈ വിഷയം ഏറ്റവും ചർച്ചയായ കേരളത്തിലാകട്ടെ, ഇരയും വേട്ടക്കാരനും ഒരുപോലെ എന്ന പൊതുബോധമാണ് പൊതുവിൽ പാർട്ടികളും മതേതര ജനാധിപത്യവാദികൾ എന്നവകാശപ്പെടുന്നവരും സൃഷ്ടിച്ചിരിക്കുന്നത്. ബീഫിനെ കുറിച്ചു പറയുമ്പോൾ ഒരു അക്രമത്തിനും കാരണമാകാത്ത പന്നിയെ കൂടി പറഞ്ഞ് ബാലൻസ് ചെയ്യുന്നത് ഒരു ഉദാഹരണം. ഭാവനയിലെ ഈ സമീകരണവാദികളിൽ നീതിയോ രാഷ്ട്രീയമായ സംരക്ഷണമോ തങ്ങൾക്ക ലഭിക്കുമെന്ന് ന്യൂനപക്ഷ സംഘടനകൾക്ക് കരുതാനാവുമോ? കേരളത്തിന്റെ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഇടതുപക്ഷം മുന്നിലുമാണ്. അത്തരമൊരു ഗതികേടിലാണ് ഇത്തരമൊരു ചർച്ച നടന്നതെന്നു വേണം കരുതാൻ. അതുകൂടി പരിഗണിക്കാതെയുള്ള അഭിപ്രായ പ്രകടനം അപൂർണമായിരിക്കും. ഏതാനും മുസ്‌ലിം സംഘടനകളുമായി ആർ.എസ്.എസ് നടത്തിയ ചർച്ചയെ ജമാഅത്തെ ഇസ്‌ലാമി - ആർ.എസ്.എസ് ചർച്ച എന്ന നിലയിൽ കൊണ്ടുവരാനുള്ള വ്യാഖ്യാനവും നിഷ്‌കളങ്കമല്ല.
കഴിഞ്ഞ നിയമസഭ -ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ ജമാഅത്തിന്റെ നിയന്ത്രണത്തിലുള്ള വെൽഫെയർ പാർട്ടി പൊതുവിൽ യു.ഡി.എഫ് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നതും വരും തെരഞ്ഞെടുപ്പുകളിലും അതിനു സാധ്യതയുണ്ടെന്നതുമാണ് സത്യത്തിൽ സി.പി.എമ്മിനെ പ്രകോപിപ്പിച്ചത് എന്നുറപ്പ്. എന്നാൽ ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയ 1977 മുതൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെയുള്ള 42 വർഷവും സി.പി.എമ്മിന്റെ സഹയാത്രികരായിരുന്നു എന്നതാണ് വസ്തുത. അന്നൊന്നും സി.പി.എമ്മിന് അവർ വർഗീയ കക്ഷി ആയിരുന്നില്ല! ദേശീയ തലത്തിൽ ഇപ്പോൾ സംഘപരിവാറിനെ ചെറുക്കാൻ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് കോൺഗ്രസ്സിനൊപ്പം നിന്നേ സാധ്യമാകൂ എന്നുറപ്പല്ലേ? കേരളത്തിനു പുറത്ത് സി.പി.എമ്മിന്റെയും നയം അതു തന്നെയല്ലേ? എന്നിട്ടു പോലും ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ഈ വിവാദം സത്യസന്ധമായ രാഷ്ട്രീയത്തിന്റേതാണ് എന്നു കരുതുക വയ്യ.
സംസ്ഥാനത്തു നിലനിൽക്കുന്ന സങ്കീർണമായ പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുക മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള ചില നീക്കങ്ങളും ഇതിനു പിറകിലുണ്ടെന്നു വേണം കരുതാൻ. കേന്ദ്ര വിരുദ്ധം എന്നതിനേക്കാൾ ജമാഅത്ത് വിരുദ്ധം എന്ന നിലയിലേക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ യാത്ര മാറുന്നതിനു പിറകിൽ ബോധപൂർവമായ രാഷ്ട്രീയമുണ്ടെന്നു വേണം കരുതാൻ. ജമാഅത്തിന്റെ സ്വന്തം മീഡിയാവണ്ണിൽ നിന്ന് face of kerala എന്ന പുരസ്‌കാരം മുഖ്യമന്ത്രി സ്വീകരിച്ചിട്ട് അധിക ദിവസമായില്ല എന്നതാണ് തമാശ.