തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹനായ വ്യക്തിക്ക് സാമ്പത്തിക സഹായം ലഭിക്കാന്‍ താന്‍ കൂട്ടുനിന്നെന്ന ആരോപണത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സഹായം കിട്ടാന്‍ എം എല്‍ എ എന്ന നിലയില്‍ താന്‍ ഒപ്പിട്ട് നല്‍കിയത് അര്‍ഹനായ മുന്‍ പ്രവാസിയായ വ്യക്തിക്ക് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വൃക്കകളും തകരാറിലായ ആളെ വ്യക്തിപരമായി അറിയാം. വരുമാനം 2 ലക്ഷത്തില്‍ താഴെയാണെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. എം എല്‍ എ എന്ന നിലയിലാണ് താന്‍ ഒപ്പിട്ടതെന്നും സതീശന്‍ പറഞ്ഞു.
വിഷയത്തില്‍ വിശദമായ പരിശോധന നടത്തേണ്ടത് സര്‍ക്കാറാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടന്നെന്ന വിജിലന്‍സിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത് വന്നിരുന്നു. എന്നാല്‍ അനര്‍ഹരാണെന്ന് കണ്ടെത്തിയ വൃക്കരോഗിയായ എറണാകുളത്തെ മുന്‍ പ്രവാസി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വഴി അപേക്ഷ നല്‍കിയതും ആറ്റിങ്ങലിലെ വ്യാജ അപേക്ഷകളില്‍ അടൂര്‍ പ്രകാശ് എം പി ഒപ്പിട്ടതും ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം തിരിച്ചടിക്കുന്നത്.