കൊച്ചി- ധാര്‍മികതയും സത്യസന്ധതയും സമൂഹത്തില്‍ നിന്നകലുകയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ധാര്‍മികതയെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍ പോലും പ്രവൃത്തിയില്‍ ധാര്‍മികത മറന്നു പോകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെ. എം. എ) സംഘടിപ്പിച്ച പ്രൊഫ. കെ. ടി. ചാണ്ടി സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.
നേര്, നന്ദി, ആത്മാര്‍ഥത തുടങ്ങിയ വാക്കുകള്‍ ഓള്‍ഡ് ഫാഷനായി മാറുന്നു. പുതിയ തലമുറയ്ക്ക് വിജയം മാത്രമാണ് ലക്ഷ്യം. ഏത് മാര്‍ഗ്ഗത്തിലൂടെയും വിജയം നേടാനല്ല, ധാര്‍മികവും സത്യസന്ധവുമായ വിജയം നേടാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. അധികാരസ്ഥാനങ്ങളില്‍ എത്തുന്നവര്‍ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവരാണ്. നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളാണ് അവരില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. അവനവനോട് തന്നെ നീതി പുലര്‍ത്തുകയാണ് ആദ്യം വേണ്ടത്. സ്വാര്‍ഥതയാണ് ഇന്ന് സമൂഹത്തെ ഭരിക്കുന്നത്. രാജ്യത്തെ ഓരോ പൗരനുമാണ് രാജാക്കന്മാര്‍, അല്ലാതെ നമ്മളെ ഭരിക്കുന്നവരല്ല. ഭരിക്കുന്നവര്‍ ജനങ്ങളുടെ സേവകന്മാര്‍ ആണെന്ന ബോധ്യം അവര്‍ക്കുണ്ടാകണം. നിസ്വാര്‍ഥതയെ കുറിച്ച് കുട്ടികളെ ആവര്‍ത്തിച്ച് പറഞ്ഞ് പഠിപ്പിക്കണം.
പൊതുരംഗത്ത് ഏതെങ്കിലും പദവിയില്‍ എത്തിയാല്‍ അവരുടെ കുടുംബവും കുട്ടികളും മാത്രം രക്ഷപ്പെടുന്നതാണ് കണ്ടു വരുന്നത്. സുതാര്യത എന്ന വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും പ്രവര്‍ത്തിയില്‍ വരുമ്പോള്‍ അത് തീരെ ഉണ്ടാകാറില്ലെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഒരു നേതാവിന് എല്ലാവരെയും ഒന്നിച്ചു നയിക്കാന്‍ കഴിയണം. ഒരാളിന്റെ നല്ല ഗുണങ്ങള്‍ പരമാവധി പരിപോഷിപ്പിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.
കേരളം വിട്ടു പോകുന്ന കുട്ടികള്‍, ഇത്രയും സ്ഥലം ലോകത്തെങ്ങുമില്ലെന്ന യാഥാര്‍ഥ്യം മനസിലാക്കണം. യുവതലമുറയെ നമുക്ക് ഒന്നും പഠിപ്പിക്കാന്‍ കഴിയില്ല, പക്ഷെ അവരെ പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് കഴിയും. അക്കരെപ്പച്ച എന്ന ചിന്താഗതി യുവ തലമുറ ഉപേക്ഷിക്കണം. വരും തലമുറയ്ക്ക് വേണ്ടിയുള്ളതൊന്നും കേരളം കരുതി വച്ചിട്ടില്ല. അതേക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. വരും തലമുറയ്ക്ക് ആവശ്യമായവ ഒരുക്കാന്‍ നമുക്ക് കഴിയണം. ഒന്നിച്ചു നിന്നാല്‍ കേരളത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ബി. വി. ബി. കൊച്ചി ചെയര്‍മാന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് പ്രൊഫ. കെ. ടി. ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. കെ. ടി. ചാണ്ടിക്ക് തുല്യന്‍ അദ്ദേഹം മാത്രമാണെന്നും പറയേണ്ട കാര്യങ്ങള്‍ കൃത്യതയോടെ ആരുടെ മുഖത്ത് നോക്കിയും അദ്ദേഹം പറഞ്ഞിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു. ബിസിനസ് രംഗത്തെ അതികായന്മാര്‍ പോലും കെ. ടി. ചാണ്ടിയുടെ ഉപദേശം തേടിയെത്തിയിരുന്നു. ധിഷണാശാലിയായ അധ്യാപകനും മാനേജ്മെന്റ് വിദഗ്ധനുമായിരുന്നു കെ. ടി. ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഉത്തരവാദിത്വം സമൂഹത്തിന്റെ എല്ലാ മേഖലയിലും അനിവാര്യമായ കാലഘട്ടമാണിതെന്ന് കെ. എം. എ പ്രസിഡന്റ് എല്‍. നിര്‍മല അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കെ. എം. എ മെമ്മോറിയല്‍ ലക്ചര്‍ ചെയര്‍മാന്‍ എ. സി. കെ. നായര്‍ സ്വാഗതവും അള്‍ജിയേഴ്‌സ് ഖാലിദ് നന്ദിയും പറഞ്ഞു.
മാനേജ്മെന്റ് വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിച്ചു.