ഗസ- ഗസ അതിര്‍ത്തിയില്‍ ഇസ്രായില്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റയാളെ ശുശ്രൂഷിക്കുന്നതിനിടെ ഇസ്രായില്‍ സൈന്യം ഫലസ്തീന്‍ നഴ്‌സിനെ വെടിവെച്ചു കൊലപ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകരും ദൃക്‌സാക്ഷികളുമാണ് ഈ സംഭവം പുറത്തു കൊണ്ടുന്നവന്നത്. 21-കാരിയായ നഴ്‌സ് റസാന്‍ അല്‍ നജറിലെ കൊലപ്പെടുത്തിയതിനെതിരെ ഇസ്രായിലിനെതിരെ ലോകമൊട്ടാകെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഹമാസ് നിയന്ത്രണത്തിലുള്ള ഗസ മുനമ്പില്‍ കടുത്ത ഇസ്രായില്‍ നിയന്ത്രണങ്ങള്‍ക്കെതിരെ മാര്‍ച്ച് 30ന് തുടങ്ങിയ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 119 ആയി.
തെക്കന്‍ ഗസയിലെ ഖാന്‍ യുനിസിലെ അതിര്‍ത്തി വേലിക്കു സമീപം പരിക്കേറ്റ ഒരാള്‍ക്ക് അടിയന്തിര വൈദ്യ സഹായം നല്‍കുന്നതിനു വേണ്ടി ഓടിപ്പോകുന്നതിനിടെയാണ് നഴ്‌സായ റസാന്‍ അല്‍ നജറിനു നേര്‍ക്ക് ഇസ്രായില്‍ സൈന്യം വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നഴ്‌സുമാര്‍ ഉപയോഗിക്കുന്ന യുണിഫോമിട്ട് നശാന്‍ കൈകള്‍ ഉയര്‍ത്തി വീശി നിരായുധയാണെന്ന് സൂചന നല്‍കിയെങ്കിലും ഇസ്രഈല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇവരുടെ മാറിടത്തിലാണ് വെടിയുണ്ട തുളച്ചു കയറിയതെന്നും ദൃക്‌സാക്ഷി പറയുന്നു.
നഴ്‌സിനെ സേവനത്തിനിടെ കൊലപ്പെടുത്തിയതു സംബന്ധിച്ച് ഇസ്രായിലിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. യുദ്ധ വേളയില്‍ സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത് യുദ്ധക്കുറ്റമാണ്.
വെള്ളിയാഴ്ച ഉണ്ടായ കൂട്ടപ്രതിഷേധത്തില്‍ നൂറോളം ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും ഗസയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ആയിരക്കണക്കിനു പ്രതിഷേധക്കാരെ തുരത്തിയോടിക്കാനാണ് വെടിയുതിര്‍ത്തെന്ന് ഇസ്രായില്‍ സൈന്യം ഒരു വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.