മദീന -നാല്‍പതു വര്‍ഷമായി മദീന സന്ദര്‍ശകര്‍ക്കിടയില്‍ മുടങ്ങാതെ നിത്യേന ചായയും കാപ്പിയും ഈത്തപ്പഴവും റൊട്ടിയും ഫൂലും വിതരണം ചെയ്യുന്ന സൗദി പൗരനാണ് ഇസ്മായില്‍ അബുസ്സുബാഅ്.
ദൈവീക പ്രീതിയും പ്രതിഫലവും മോഹിച്ച് സൗജന്യ ഭക്ഷണ വിതരണം ജീവിത സപര്യയാക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹം. പ്രവാചക നഗരിയിലെ ഖുബായിലാണ് നാല്‍പതു വര്‍ഷമായി അബുസ്സുബാഅ് എന്ന പേരില്‍ പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന സൗദി പൗരന്‍ മുടങ്ങാതെ ചായയും മറ്റും വിതരണം ചെയ്യുന്നത്. പ്രവാചക നഗരിയേയും സന്ദര്‍ശകരെയും സ്‌നേഹിച്ച അബുസ്സുബാഇന് നാടും നാട്ടുകാരും തിരിച്ചും സ്‌നേഹം നല്‍കുന്നു. ഖുബായിലെ പ്രധാന അടയാളങ്ങളില്‍ ഒന്നായി അബുസ്സുബാഅ് മാറിയിരിക്കുകയാണ്.
95 കാരനായ അബുസ്സുബാഅ് 40 വര്‍ഷം മുമ്പാണ് മക്കയില്‍ നിന്ന് മദീനയിലേക്ക് താമസം മാറിയത്. അന്നു മുതല്‍ തീര്‍ഥാടകര്‍ക്കും മദീന സന്ദര്‍ശകര്‍ക്കുമിടയില്‍ അബുസ്സുബാഅ് ഭക്ഷണ, പാനീയങ്ങള്‍ വിതരണം ചെയ്യുന്നു. പ്ലാസ്റ്റിക് കുട്ടകളില്‍ നിരനിരയായി അടുക്കിവെച്ച ഫഌസ്‌കുകളില്‍ നിറച്ച് ചായയും കാപ്പിയും കാര്‍ട്ടണുകളില്‍ ഈത്തപ്പഴവും റൊട്ടിയും കൊണ്ടുവന്ന് മസ്ജിദുന്നബവിയിലേക്കുള്ള റോഡ് സൈഡില്‍ ഇരുന്നാണ് അബുസ്സുബാഅ് തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമിടയില്‍ ഇവ വിതരണം ചെയ്യുന്നത്. ചില ദിവസങ്ങളില്‍ 120 ഫഌസ്‌ക് ചായയും കാപ്പിയും വരെ വിതരണം ചെയ്യാറുണ്ട്. ഖുബായില്‍ യാതൊരുവിധ ആഢംബരങ്ങളുമില്ലാത്ത ഒരു പഴയ കെട്ടിടത്തില്‍ താമസിക്കുന്ന അബുസ്സുബാഅ് സമ്പന്നനൊന്നുമല്ല.
മക്കളും ഏതാനും വളണ്ടിയര്‍മാരും ഇതിന് അബുസ്സുബാഇനെ സഹായിക്കുന്നു. ദൈവീക പ്രീതി മാത്രമാണ് ഭക്ഷണ, പാനീയ വിതരണത്തിലൂടെ ആഗ്രഹിക്കുന്നതെന്ന് അബുസ്സുബാഅ് പറയുന്നു. പ്രായാധിക്യം മൂലമുള്ള അവശതകള്‍ക്കിടയിലും ഭക്ഷണ, പാനീയ വിതരണം ഒരിക്കല്‍ പോലും പിതാവ് മുടക്കിയിട്ടില്ലെന്നും കഴിഞ്ഞ നാല്‍പതു വര്‍ഷത്തിനിടെ പിതാവ് ഒരിക്കല്‍ പോലും മദീനയില്‍ നിന്ന് പുറത്തുപോയിട്ടില്ലെന്നും മക്കളില്‍ ഒരാള്‍ പറഞ്ഞു.
فيديو | بعمر الـ 95 عاما.. "أبو السباع" يوزع القهوة والشاي والتمر في المدينة المنورة منذ 40 عاما #الراصد pic.twitter.com/Pwb7ZjdJjh
— الراصد (@alraasd) February 23, 2023