തിരുവനന്തപുരം : കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട ശേഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയ കോഴിക്കോട് - ദമാം എയര്‍ ഇന്ത്യ വിമാനം ഇന്ത്യന്‍ സമയം നാലുമണിക്ക് ദമാമിലേക്ക് യാത്ര തിരിക്കും. യാത്രക്കാരെ ഇതേ വിമാനത്തില്‍ തന്നെ ദമാമിലേക്ക് കൊണ്ടുപോകുമെന്നും നാലുമണയോടെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രാവിലെ 9.45 ന് ദമാമിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്നാണ്
അടിയന്തിര ലാന്‍ഡിംഗിനായി തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടത്. കരിപ്പൂരില്‍ നിന്ന് രാവിലെ 9.45 ന് പറന്നുയരുമ്പോള്‍ പിന്‍ഭാഗം താഴെ ഉരസിയിരിന്നു. ഇത് മൂലം വിമാനത്തിന് ഹൈഡ്രോളിക് തകരാര്‍ സംഭവിക്കുകയായിരുന്നു. പ്രശ്‌നം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ വിമാനം വഴിതിരിച്ചു വിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍, ഇറങ്ങുന്ന സമയത്ത് വിമാനത്തില്‍ ആവശ്യമുള്ളതിലധികം ഇന്ധനം ഉള്ളത് അപകടത്തിന് കാരണമായേക്കാം എന്നതിനാല്‍ തന്നെ ഇന്ധനം ഒഴിവാക്കിയാണ് ലാന്‍ഡിംഗ് നടത്തിയത്.