തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇടപെടാൻ സാധ്യത. അതിനാൽ വിജിലൻസ് പരിശോധനയ്ക്കിടെ ഉന്നതരെ രക്ഷിക്കാനുള്ള നീക്കം തുടങ്ങിയതായി സംശയം. സർക്കാരിനെ ബാധിക്കാതിരിക്കാൻ ഫയലുകൾ സുരക്ഷിതസ്ഥാനത്ത് എത്തിക്കുകയാണ് പരിശോധനയിലൂടെ നടന്നുവരുന്നത്. തട്ടിപ്പ് പൂർണമായും കണ്ടുപിടിച്ചാൽ കോടിക്കണക്കിന് രൂപയ്ക്ക് സർക്കാർ ഉത്തരം പറയേണ്ടിവരും. പലപ്പോഴും ദുരിതാശ്വാസ നിധി തരപ്പെടുത്തി നൽകുന്നതിന് മുന്നിട്ട് നിൽക്കുന്നത് ജനപ്രതിനിധികളാണ്. ഇവർ വില്ലേജ് ഓഫീസർമാർ മുതൽ ഡോക്ടർമാരെ വരെ സ്വാധീനിക്കാറുണ്ട്. സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തി നൽകാൻ ഏജന്റുമാരെയും ചുമതലപ്പെടുത്തും. ഭരണകക്ഷിയിൽപെട്ടവർ അപേക്ഷകൾ നൽകുമ്പോൾ ദുരിതാശ്വാസ നിധി ലഭിക്കുന്നതിന് വേഗം കൂടും. കുടുതൽ പരിശോധനയും ഉണ്ടാകാറില്ല.
കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാൽ ഫയലുകൾ എല്ലാം അന്വേഷണ ഏജൻസികൾ പിടിച്ചെടുക്കും. അതിനു മുമ്പ് ഫയലുകൾ കണ്ടെത്തുക എന്നതാണ് വിജിലൻസിന്റെ മുഖ്യ ദൗത്യം. കേസ് വന്നാൽ അന്വേഷണം നടക്കുന്നതായി റിപ്പോർട്ട് നൽകാം.
കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും ധനസഹായം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഒരു അപേക്ഷ പരിശോധിച്ചപ്പോഴാണ് വിജിലൻസിന് സംശയം തോന്നിയത്. കൊല്ലം സിവിൽ സ്റ്റേഷനിലെ ഫയലിൽ അപേക്ഷകന്റേതായി നൽകിയ ഫോൺ നമ്പറിൽ വിളിച്ച് ചോദിച്ചപ്പോൾ അദ്ദേഹം മുമ്പെ മരിച്ചുപോയെന്നാണ് ബന്ധുക്കൾ പറഞ്ഞത്. അപേക്ഷ നൽകുന്നതിന് മുമ്പ് തന്നെ അപേക്ഷകൻ മരിച്ചിരുന്നുവെന്നാണ് വിവരം.
ആസൂത്രിതമായാണു തട്ടിപ്പു നടത്തിയതെന്ന് വിജിലൻസ് മേധാവി മനോജ് ഏബ്രഹാം പറയുന്നുണ്ട്. കൊല്ലത്താണ് കൂടുതൽ പരാതികൾ ലഭിച്ചത്. പരിശോധനയിൽ വലിയ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടു. രണ്ടു വർഷത്തെ കാര്യങ്ങളാണു പരിശോധിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ അടക്കം ആർക്കൊക്കെ പങ്കുണ്ടെന്നു പരിശോധിക്കും. വില്ലേജ് ഓഫീസുകളിലും അപേക്ഷകരുടെ വീടുകളിലും പരിശോധിക്കും. നിലവിലെ അപേക്ഷകളിൽ തടസ്സം ഉണ്ടാകില്ല. അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു തടസ്സമുണ്ടാകില്ലെന്നും മനോജ് ഏബ്രഹാം പറഞ്ഞു.
ഓൺലൈൻ വഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നൽകേണ്ടത്. ഇവ വില്ലേജ് ഓഫീസുകളിൽ പരിശോധിക്കും. റേഷൻകാർഡ്, വരുമാനസർട്ടിഫിക്കറ്റ്, ആധാർകാർഡ്, ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. വില്ലേജ് ഓഫീസർമാർ പ്രാഥമിക പരിശോധന നടത്തും. ഇതിൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റിൽ ഒപ്പും രജിസ്റ്റർ നമ്പറും ഉണ്ടോയെന്നു മാത്ര പരിശോധിക്കും. അപേക്ഷയിൽ പറഞ്ഞിരിക്കുന്ന രോഗത്തിന് ചികിത്സിക്കുന്ന ഡോക്ടറാണോ സർട്ടിഫിക്കറ്റ് നൽകിയതെന്ന് പരിശോധിക്കാറില്ല. അപേക്ഷ നേരെ താലൂക്ക് ഓഫീസിലേക്ക്. വില്ലേജ് പരിശോധിച്ചതിനാൽ സർട്ടിഫിക്കറ്റ് പരിശോധന താലൂക്കിൽ ഉണ്ടാകാറില്ല. അപേക്ഷ കലക്ടറേറ്റിലേക്ക്, ഇതിനിടെ നേതാക്കളുടെ ശിപാർശയും എത്തിയിരിക്കും. ഇതോടെ ഫണ്ട് അനുവദിക്കുന്നതിന് ആക്കവും കൂടും. ആയിരക്കണക്കിന് അപേക്ഷകളാണ് ഓരോ കലക്ടറേറ്റിലും ലഭിക്കുന്നത്. ഒരിക്കൽ ആധാർകാർഡ് നമ്പർ ഉപയോഗിച്ച് അപേക്ഷ നൽകിയാൽ വീണ്ടും അതേ ആധാർകാർഡ് നൽകി അപേക്ഷ നൽകുന്നത് കണ്ടെത്തുന്ന സംവിധാനം സോഫ്റ്റ് വെയറിൽ ഇല്ല. അതിനാൽ ഒരാൾ തന്നെ ഒന്നിൽ കൂടുതൽ തവണ ദുരിതാശ്വാസ നിധിക്ക് അപേക്ഷിക്കുന്നതിന് ഇടയാക്കുന്നു.
ചട്ടം ലംഘിച്ച് ദുരിതാശ്വാസ നിധിയിൽ സർക്കാരും അനധികൃതമായി വിനിയോഗിച്ചു. എൻ.സി.പി നേതാവ് അന്തരിച്ച ഉഴവൂർ വിജയന്റെ കുടുംബത്തിനും ചെങ്ങന്നൂർ മുൻ എം.എൽ.എ അന്തരിച്ച കെ.കെ. രാമചന്ദ്രൻ നായരുടെ കുടുംബത്തിനും സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരിച്ച പോലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽനിന്നു ചട്ടം ലംഘിച്ച് സഹായം നൽകി. ഇതിനെതിരെ ലോകായുക്തയിൽ ഹരജിയും എത്തി. വിധി എതിരാകുമെന്ന് കണക്കിലെടുത്ത് ലോകായുക്തയുടെ ചിറക് അരിയുന്ന തരത്തിൽ നിയമനിർമാണം നടത്തി. ബില്ലിൽ ഗവർണർ ഒപ്പുവെച്ചിട്ടില്ലെന്നതിനാൽ പരാതിക്ക് ഇപ്പോഴും പ്രാബല്യമുണ്ട്.