Sorry, you need to enable JavaScript to visit this website.

അനുഭവം: ഒരിക്കലും മറക്കാത്തെ ഒരു പുഞ്ചിരി

അന്നൊരു പെരുന്നാളായിരുന്നു. തലേന്ന് ഒരുക്കങ്ങള്‍ എല്ലാം കഴിഞ്ഞിരുന്നെങ്കിലും പെരുന്നാളിന്ന് വെച്ചു വിളമ്പാന്‍ വേണ്ട അല്ലറ ചില്ലറ സാധനങ്ങള്‍ മാത്രം വാങ്ങിയിരുന്നില്ല.  ഇറച്ചി, മല്ലി, പുതിനയില അങ്ങനെയങ്ങനെ......
ഞങ്ങളുടെ റൂട്ടില്‍ ബസ് ഇല്ലാത്തതിനാല്‍ രണ്ട് കിലോമീറററോളം നടന്നിട്ട് വേണം ബസ് സ്‌റ്റോപ്പിലെത്താന്‍. അന്നെനിക്ക് പതിനാറ് വയസ്സേ കാണൂ. ബാപ്പ പള്ളി ഇമാം ആയത്‌കൊണ്ട് പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞേ മൂപ്പര്‍ക്ക് വീട്ടിലെത്താന്‍ പറ്റൂ. മൂത്ത കുട്ടിയായത് കൊണ്ട് ഞാന്‍ തന്നെ വേണ്ടേ കാര്യങ്ങള്‍ ചെയ്യാന്‍. അങ്ങനെ ഞാന്‍ രാവിലെ തന്നെ സഞ്ചിയും തൂക്കി വിട്ടില്‍നിന്ന്  ഇറങ്ങി.

ബസ്സിറങ്ങി ഇറച്ചിക്കടയിലേക്ക് നടക്കുന്നതിനിടയില്‍ കണ്ട കടയില്‍ നിന്നും ഇലത്തരങ്ങല്‍ വാങ്ങി സഞ്ചിയിലാക്കി നേരെ നടന്നു. പെട്ടെന്ന് മടങ്ങണം. എന്നാലേ പെരുന്നാള്‍ നിസ്‌കാരം കിട്ടൂ....
എത്ര നേരം കാത്തിരുന്നിട്ടാണ് ഇന്നലെ  തയ്യല്‍ക്കാരന്‍ ഉടുപ്പ് തയ്ച്ചു തന്നത്. ആ പുത്തനുടുപ്പില്‍ അത്തറും തേച്ച് ആഹാ..... കൂട്ടുകാരോടൊത്ത് ഞെളിഞ്ഞ് നടക്കാന്‍ എന്തൊരു രസമായിരിക്കും......?. മധുര, മനോഹര ചിന്തകള്‍ അയവിറക്കി ഞാന്‍ ഇറച്ചിക്കട ലക്ഷ്യമാക്കി ഓടി.
'എത്രയാ മോനെ.....?'
'രണ്ട് കിലോ.....'
കടക്കാരന്‍ തിരിച്ചു നല്‍കിയ ബാക്കി പൈസ കീശയില്‍ തിരുകിയത് നല്ല ഓര്‍മ്മയുണ്ട്. പക്ഷേ ബസ് സ്‌റ്റോപിലെത്തി കീശ പരതിയപ്പോള്‍ കാശില്ല....!. ഇറച്ചിക്കടയില്‍ നല്ല തിരക്കായിരുന്നു. ആളുകളെ വകച്ചു മാറ്റി വരുമ്പോള്‍ ആരോ പറ്റിച്ച പണിയായിരിക്കും. എന്നാലും നല്ലൊരു ദിവസമായിട്ട് ആരായിരിക്കും...... ഇനിയെന്ത് ചെയ്യും......? എങ്ങനെ വീട്ടിലെത്തും....?. ചിന്തകള്‍ അലട്ടാന്‍ തുടങ്ങി. വീട്ടിലെത്തിയിട്ട് വേണം കറി വെക്കാന്‍. എനിക്കാണെങ്കില്‍ കുളിച്ചിട്ട് പള്ളിയില്‍ പോവുകയും വേണം. ഞാന്‍ ചുറ്റും കണ്ണോടിച്ചു. കൂട്ടത്തില്‍ പരിചയമുളള ഏതെങ്കിലും മുഖം കണ്ടാലോ.....?. പക്ഷെ, പരിചയമുളള ഒരൊറ്റ മുഖം പോലും കാണാന്‍ പറ്റിയില്ല. സമയം അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ കയറേണ്ടിയിരുന്ന ബസ് പുറപ്പെട്ടപ്പോള്‍ ഞാനറിയാതെ കരഞ്ഞു പോയി.

'എന്നാ മോനെ കരയുന്നെ...'. ഞാന്‍ പെട്ടെന്ന് തിരിഞ്ഞു ചോദ്യ കര്‍ത്താവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. തമിഴ് ചുവയുള്ള ഇദ്ദേഹത്തെ പല തവണ കണ്ടിട്ടുണ്ട്. റോഡരികില്‍ കപ്പലണ്ടി കച്ചോടം നടത്തിക്കൊണ്ടിരുന്ന അണ്ണാച്ചി.....!. പക്ഷേ, ഇപ്പോള്‍ ഒരു പെട്ടിക്കട നടത്തി വരികയാണ്. അഞ്ചാറു കൊല്ലങ്ങള്‍ക്കു മുമ്പ് ഇതേ റോഡരികില്‍, കൂടെ ഭാര്യയും രണ്ട് കൊച്ചു കുട്ടികളും. തോരാ മഴയത്ത് ഒരു കുടക്കീഴില്‍ കടല വറുത്ത് ജീവിതം നയിച്ചിരുന്ന കുടുംബം. 'പറയ് മോനെ എന്താ പറ്റിയത്.....?. അയ്യാള്‍ വീണ്ടും ചോദിച്ചപ്പോള്‍ നടന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു. 'എനിക്ക് നാട്ടിലേക്ക് പോണം. മൂന്നു രൂപ തന്ന് സഹായിക്ക്വോ....?. നാളെ ഇത് വഴി വരുമ്പോള്‍ തിരിച്ചു നല്കാം...'
'അതൊക്ക പിന്നീട് ആലോചിക്കാം എന്താ.....?' അഞ്ചിന്റെ പച്ച നോട്ട് എന്റെ കൈവെള്ളയിലേക്ക് തിരുകി തന്ന് 'അതാ ബസ് വന്നു മോനെ കേറിക്കോ...' എന്നും പറഞ്ഞു എന്നെ യാത്രയാക്കി.
ഞാന്‍ തിരക്കിട്ട് ബസ് കയറി എന്നിട്ട് നന്ദിയോടെ തിരിച്ചൊന്ന് നോക്കി. നിറ പുഞ്ചിരിയോടെ അണ്ണാച്ചി എന്നെയും നോക്കി നില്‍പാണ്. ഞാന്‍ അന്നേ വരേ കണ്ടതില്‍ വെച്ചേറ്റവും സുന്ദരമായ പുഞ്ചിരി....!

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News