Sorry, you need to enable JavaScript to visit this website.

നിപ്പാ വൈറസ്: ജപ്പാന്‍ മരുന്ന് വരുന്നു; ഫലപ്രദമാകുമെന്ന് പ്രതീക്ഷ 

കോഴിക്കോട്- നിപ്പാ വൈറസ് വെല്ലുവിളി നേരിടുവാന്‍ ആരോഗ്യ വകുപ്പ് ജപ്പാനില്‍നിന്ന് കൊണ്ടുവരുന്ന ഫാവി പിരാവീര്‍ (ടി-705) മുമ്പ് അലോപ്പതി രംഗത്ത് ഏറെ ചര്‍ച്ചയുണ്ടാക്കിയ മരുന്ന്. 
2014ല്‍ ആഫ്രിക്കയില്‍ എബോള പടര്‍ന്നു പിടിച്ചപ്പോള്‍ ഈ മരുന്ന് എബോളക്കെതിരെ ഫലപ്രദമാണെന്ന് ജപ്പാന്‍, ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നു. എന്നാല്‍ അന്ന് ഈ മരുന്നിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ അമേരിക്കയിലും യൂറോപ്പിലുമൊക്കെ നടക്കുകയായിരുന്നു. മനുഷ്യരില്‍ ഫലപ്രദമായി പരീക്ഷണം നടത്താത്തതിനാല്‍ ഈ മരുന്ന് ആഫ്രിക്കയില്‍ അന്ന് എബോള രോഗികള്‍ക്ക് നല്‍കുന്നതില്‍ ലോകാരോഗ്യസംഘടന വലിയ താല്‍പര്യം എടുത്തിരുന്നില്ല.
ആര്‍.എന്‍.എ വൈറസുകളുണ്ടാക്കുന്ന വിവിധ രോഗങ്ങള്‍ക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നവയാണ് ഫാവി പിരാവീര്‍ എന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ജപ്പാനിലെ ടോയാമ കെമിക്കല്‍സാണ് ഈ മരുന്ന് 'ആവിഗാന്‍ ടാബ്‌ലറ്റ് 200 എം.ജി' എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. ഫ്യൂജി ഫിലിമിന്റെ സഹസ്ഥാപനമാണ് ടൊയാമ കെമിക്കല്‍ കമ്പനി. ദിവസം ഒരു ഗുളിക വീതം 14 ദിവസമാണ് ഈ മരുന്ന് കഴിക്കേണ്ടത്. 
നേരത്തെ ഓസ്‌ട്രേലിയയില്‍ നിന്ന് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്ന 'എം-102.4 മോണോക്ലോണല്‍' ആന്റിബോഡി മരുന്നിനേക്കാള്‍ ഫലപ്രദമാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ് ഫാവി പിരാവീറിനോട് താല്‍പര്യം കാട്ടുന്നത്. ഓസ്‌ട്രേലിയയില്‍ നിപ്പാ വൈറസ് കുടുംബത്തില്‍ പെട്ട ഹെന്‍ട്രാ വൈറസിനെതിരെയുള്ള മരുന്നാണ് എം.102.4. എന്നാല്‍ ചിലയിനം നിപ്പാ വൈറസുകള്‍ക്കെതിരെയും ഇത് പ്രവര്‍ത്തിക്കുമെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. പക്ഷേ നിപ്പാ വൈറസില്‍ തന്നെ രണ്ട് വിഭാഗങ്ങളുണ്ട്. മലേഷ്യയില്‍ കണ്ടെത്തിയ എം. ഇനവും ബംഗ്ലാദേശില്‍ രോഗമുണ്ടാക്കിയ ബി ഇനവും. ഇവ തമ്മില്‍ ജനിതകമായി 92 ശതമാനം സാമ്യമാണുള്ളത്. ബംഗ്ലാദേശില്‍ കണ്ടെത്തിയ രോഗത്തിന് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണ്. ഇവയാണ് കേരളത്തിലെതെന്നും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിപ്പാ രോഗം പഠിക്കാന്‍ ഉപയോഗിക്കുന്ന ആഫ്രിക്കന്‍ പച്ച കുരങ്ങുകളില്‍ നടത്തിയ പഠനത്തില്‍ എം. 102.4 മരുന്ന് മലേഷ്യയില്‍ കണ്ടെത്തിയ രോഗത്തിലേതു പോലെ ബംഗ്ലാദേശ് ഇനത്തില്‍ വേണ്ടത്ര ഫലപ്രദമല്ലെന്നാണ് തെളിഞ്ഞത്. കൂടാതെ രോഗം വരുന്നതിന് മുമ്പുള്ള ഘട്ടത്തിലാണ് ഈ മരുന്നിന്റെ ഗുണം കൂടുതല്‍ ലഭിക്കുക. ഇതുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ മരുന്നിനെക്കാള്‍ ഇപ്പോള്‍ ആരോഗ്യ വകുപ്പ് ജപ്പാന്‍ മരുന്നിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്.
എന്നാല്‍ നിപ്പാ വൈറസ് ബാധയേറ്റവരെ പൂര്‍ണമായും മരുന്നു കൊണ്ട് ചികിത്സിച്ചു മാറ്റുവാന്‍ സാധിക്കുമെന്ന അമിത പ്രതീക്ഷ വേണ്ടെന്നാണ് അലോപ്പതി രംഗത്തെ വിദഗ്ധര്‍ തന്നെ അനൗദ്യോഗികമായി പറയുന്നത്. പൂര്‍ണ തോതില്‍ ഫലപ്രദമായ മരുന്ന് ഇതുവരെയും നിപ്പ അടക്കമുള്ള വൈറസ് രോഗങ്ങള്‍ക്ക് കണ്ടെത്തിയിട്ടില്ല. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമായി നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ പറ്റുന്ന സംരക്ഷണ ചികിത്സ നല്‍കുക എന്നുള്ളതാണ് ഇത്തരം രോഗങ്ങള്‍ വന്നാല്‍ നല്‍കുവാന്‍ പറ്റുന്ന പ്രധാനമായ ചികിത്സാ രീതി.

Latest News