കൊച്ചി : ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമന്‍സ് രവീന്ദ്രന് ഡി കൈമാറി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വപ്ന സുരേഷിനെയും ശിവശങ്കരനെയും ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായാണ് സി.എം രവീന്ദ്രനെയും ഇഡി ചോദ്യം ചെയ്യുന്നത്. കൊച്ചി ഓഫീസില്‍ 27ന് ഹാജരാകാനാണ് ഇ ഡി നിര്‍ദേശിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ശേഷം സി എം രവീന്ദ്രന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് ഏറ്റവും വലിയ തിരിച്ചടിയാകുക മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. കാരണം, മുഖ്യമന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനാണ് സി.എം.രവീന്ദ്രന്‍. പിണറായി വിജയന്‍ സി പി എം സംസ്ഥാന സെക്രട്ടറിയായത് മുതല്‍ കൂടെയുള്ള ആളാണ് രവീന്ദ്രന്‍. മുഖ്യമന്ത്രിയായപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി രാഷ്ട്രീയ നിയമനം നല്‍കുകയായിരുന്നു. പിണറായിയുടെ എല്ലാ കാര്യങ്ങളും അറിയുന്ന അതിവിശ്വസ്തനാണ് അദ്ദേഹം. രവീന്ദ്രനറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒന്നും നടക്കില്ല. അദ്ദേഹം അറസ്്റ്റിലായാല്‍ പിന്നീട് അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തിക്കാന്‍ ഇ ഡിയ്ക്ക് അധിക സമയം വേണ്ടി വരില്ല.
നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷുമായി സി എം രവീന്ദ്രന് അടുത്ത ബന്ധമാണുള്ളതെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന വാട്സ് ആപ്പ് ചാറ്റുകള്‍ സൂചിപ്പിക്കുന്നു. ഇതുവരെ സ്വപ്നയുമായി രവീന്ദ്രന് ബന്ധമുണ്ടെന്ന ആരോപണം മാത്രമാണ് ഇ ഡി ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വാട്‌സാപ്പ് ചാറ്റുകളിലൂടെ ഇത് പുറത്ത് വന്നിരിക്കുകയാണ്. ഇനിയും കൂടുതല്‍ ചാറ്റുകള്‍ ഇ ഡിയുടെ കൈവശമുണ്ടെന്നാണ് സൂചന. സ്വപ്നയില്‍ നിന്നും ആദ്യം പിടിച്ചെടുത്ത ഫോണുകളിലൊന്നും രവീന്ദ്രനുമായുള്ള വാട്സ് ആപ്പ് ചാറ്റുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാനം സ്വപ്ന ഹാജരാക്കിയ ഫോണില്‍ നിന്നാണ് ഈ വാട്സ് ആപ്പ് ചാറ്റുകള്‍ ലഭിച്ചത്. സ്വപ്നയും രവീന്ദ്രനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ സര്‍ക്കാറും സി.പി.എമ്മും അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിന് തടയിടാന്‍ വേണ്ടി മന:പൂര്‍വ്വം ചാറ്റുകള്‍ പുറത്ത് വിട്ടതാണെന്നാണ് സൂചന. ഏതായാലും ഇ ഡി രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണെന്ന് വ്യക്തമാണ്. ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ഒരു കണ്ണിയായി രവീന്ദ്രനെ കുടുക്കാനാണ് ഇ ഡിയുടെ നീക്കം. അത് വഴി മുഖ്യമന്ത്രിയിലേക്ക് എത്തിച്ചേരുക എളുപ്പമായിരിക്കും. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന സംശയത്തിന്റെ പേരില്‍ 2020 ഡിസംബറില്‍ പതിനാല് മണിക്കൂറാണ് സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്തത്. അതിന് മുമ്പ് മൂന്ന്തവണ സമന്‍സ്അയച്ചിട്ടും രവീന്ദ്രന്‍ ഹാജരായിരുന്നില്ല.