കൊച്ചി- കരള്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ച അവതാരകയും നടിയുമായ സുബി സുരേഷിന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. ആയിരങ്ങളെ സാക്ഷിയാക്കി ചേരാനല്ലൂര്‍ ശ്മശാനത്തില്‍ വൈകിട്ട് നാലു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയത്. ടെലിവിഷന്‍ സീരിയല്‍ രംഗത്തെ നിരവധിപ്പേര്‍ സുബിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.
ആലുവയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന പൊതുദര്‍ശനത്തിനു പിന്നാലെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. ഇതിനുശേഷമാണ് സംസ്‌കാരത്തിനായി ചേരാനല്ലൂര്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.
തൃപ്പൂണിത്തുറ സ്വദേശിയായ സുബി കുറച്ചുകാലമായി വരാപ്പുഴ തിരുമുപ്പത്താണു താമസം. പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയാണ്. കരള്‍ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. രോഗം വൃക്കകളെ ബാധിച്ചിരുന്നു. കരള്‍ മാറ്റിവയ്ക്കാന്‍ ആശുപത്രി ഇന്‍സ്റ്റിറ്റിയൂഷനല്‍ ബോര്‍ഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അപേക്ഷ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് പരിഗണിക്കാനിരിക്കെയാണു മരണം.
കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രിയില്‍ തിളങ്ങിയ സുബി, 'സിനിമാല' എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരകയെന്ന നിലയില്‍ വന്‍ ജനപ്രീതി നേടി. കനകസിംഹാസനം, പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും വിവിധ സീരിയലുകളിലും അഭിനയിച്ചു.