ബെംഗളൂരു- ബസ് യാത്രക്കിടെ വനിതായാത്രക്കാരുടെ സീറ്റില്‍ മൂത്രമൊഴിച്ച് യുവാവ്. കര്‍ണാടകയിലെ വിജയപുരയില്‍നിന്ന് യാത്രതിരിച്ച ബസില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനായി ഹുബ്ബള്ളിയിലെ ഹോട്ടലിന് സമീപം നിര്‍ത്തിയപ്പോഴാണ് യുവാവ് സീറ്റില്‍ മൂത്രമൊഴിച്ചത്.
തൊട്ടുപുറകിലത്തെ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് എഴുന്നേറ്റുവന്ന് മുന്നിലെ സീറ്റില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഈ സമയത്ത് യാത്രക്കാരും ബസ് ജീവനക്കാരും ബസില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു.
നാലാം നമ്പര്‍ സീറ്റിലേക്കാണ് ഇയാള്‍ മൂത്രമൊഴിച്ചത്. മൂന്നാം നമ്പര്‍ സീറ്റിലിരുന്ന പെണ്‍കുട്ടി ബഹളം വെച്ചതോടെ യാത്രക്കാരും ബസ് ജീവനക്കാരും എത്തി യുവാവിനെ പിടികൂടി. ചോദ്യം ചെയ്തതോടെ ഇയാള്‍ മോശമായി പെരുമാറുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഇടപെട്ട് ഇയാളെ ബസില്‍നിന്ന് ഇറക്കിവിട്ടു.
പെണ്‍കുട്ടി പരാതി നല്‍കാന്‍ വിസമ്മതിച്ചതായി കര്‍ണാടക എസ്ആര്‍ടിസിയുടെ വിശദീകരണത്തില്‍ പറയുന്നു. യുവാവ് മദ്യലഹരിയിലായിരുന്നതായും കര്‍ണാടക എസ്ആര്‍ടിസി അറിയിച്ചു.