Sorry, you need to enable JavaScript to visit this website.

20 മാസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയം  നിലച്ചത് മൂന്ന് മണിക്കൂര്‍, ഒടുവില്‍ ആശ്വാസമായി 

ടൊറന്റോ- മൂന്ന് മണിക്കൂറോളം ഹൃദയം നിലച്ച 20 മാസം പ്രായമുള്ള കുഞ്ഞിന് ജീവന്‍ തിരികെ നല്‍കി ആരോഗ്യപ്രവര്‍ത്തകര്‍. കാനഡയിലെ ഒന്റ്റാറിയോയിലാണ് സംഭവം. കഴിഞ്ഞ ജനുവരി 24ന് ഡേകെയറിലെ പൂളില്‍ വീണ വായ്ലെന്‍ സോണ്‍ഡേഴ്സ് എന്ന കുഞ്ഞാണ് മരണത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റെത്തിയത്.
പൂളില്‍ അഞ്ചുമിനിട്ടോളം കിടന്ന കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ തണുത്ത് മരവിച്ച നിലയിലായിരുന്നു. അഗ്‌നിശമന പ്രവര്‍ത്തകരെത്തിയാണ് കുഞ്ഞിനെ ചാര്‍ലോറ്റ് എലിനോര്‍ എംഗല്‍ഹാര്‍ട്ട് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെ ഏകദേശം മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമം വായ്ലെന് ജീവന്‍ തിരികെ നല്‍കുകയായിരുന്നു.
കുട്ടികളുടെ ആശുപത്രികളില്‍ കാണപ്പെടുന്ന ചികിത്സാസൗകര്യങ്ങളോ വിദഗ്ദ്ധരോ ചാര്‍ലോറ്റ് ആശുപത്രിയിലില്ലായിരുന്നു. എന്നിരുന്നാലും ആശുപത്രിയിലെ ലാബ് ജീവനക്കാരടക്കം മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ജോലികള്‍ പകുതിയ്ക്ക് നിര്‍ത്തിവച്ച് വായ്ലെന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഓരോരുത്തരും മാറിമാറി മൂന്ന് മണിക്കൂര്‍ നേരം കുഞ്ഞിന് സി പി ആര്‍ നല്‍കി.
ലണ്ടനിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പൂര്‍ണ പിന്തുണയും ചാര്‍ലോറ്റ് ആശുപത്രിയ്ക്ക് ലഭിച്ചു. കൂട്ടായ പ്രവര്‍ത്തനമാണ് കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിച്ചതെന്ന് ചാര്‍ലോറ്റ് ആശുപത്രിയിലെ ഡോ ടെയ്ലര്‍ പറഞ്ഞു. ലാബ് ജീവനക്കാര്‍ ഹീറ്ററുകള്‍ സജ്ജമാക്കി. കുഞ്ഞിന് ചൂട് നല്‍കാന്‍ മൈക്രോവേവ് വെള്ളം എത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു നഴ്സുമാര്‍. ഇത്തരത്തില്‍ ആശുപത്രിയിലുണ്ടായിരുന്ന എല്ലാവരും തങ്ങള്‍ക്ക് കഴിയുന്നതുപോലെ പങ്കാളികളായി.
ശ്വാസം നിലച്ച് മൂന്നുമണിക്കൂറിനുശേഷം ജീവിതത്തിലേയ്ക്ക് തിരികെയെത്തിയ കുഞ്ഞ് ഫെബ്രുവരി ആറിനാണ് ആശുപത്രി വിട്ടത്. പൂര്‍വസ്ഥിതിയിലെത്തിയ വായ്ലെന്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.


 

Latest News