കണ്ണൂര്‍-സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ വിട്ടു നില്‍ക്കുന്നത് ചര്‍ച്ചയാകുന്നു. കണ്ണൂര്‍ ജില്ലയിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇപി ജയരാജന്‍ എത്തിയില്ല. യാത്രയുടെ ഉദ്ഘാടന പരിപാടിയിലും ഇ പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ജാഥാംഗമല്ലാത്തതിനാലാണ് ജാഥയില്‍ പങ്കെടുക്കാത്തതെന്നാണ് ഇപി ജയരാജന്റെ വിശദീകരണം. വരും ദിവസങ്ങളില്‍ ഇ പി ജയരാജന്‍ ജാഥയില്‍ പങ്കെടുക്കുമെന്ന് എം വി ഗോവിന്ദനും പറഞ്ഞു. ഇപി ജയരാജന് ജാഥയില്‍ നിന്നും വിട്ടുനില്‍ക്കേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
കോടിയേരിയുടെ മരണത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തന്നെ തഴഞ്ഞ്, ജൂനിയറായ എം വി ഗോവിന്ദനെ തീരുമാനിച്ചതില്‍ ഇപി ജയരാജന് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതേത്തുടര്‍ന്ന് കുറേക്കാലം പാര്‍ട്ടി പരിപാടികളില്‍ ഇപി ജയരാജന്‍ സജീവമായി പങ്കെടുത്തിരുന്നില്ല. പ്രായമേറിയതിനാല്‍ സജീവപ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറുന്നതായും ജയരാജന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.
ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി ഇന്ന് രാവിലെ കണ്ണൂര്‍ പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് ഹാളില്‍ പൗര പ്രമുഖരുമായി എം വി ഗോവിന്ദന്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് മാധ്യമങ്ങളെ കാണും. രാവിലെ 10ന് പിണറായി, 11ന് തലശേരി, വൈകിട്ട് മൂന്ന് മണിക്ക് ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.