ന്യൂദല്‍ഹി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് വിരല്‍ കടത്തിയെന്ന കേസില്‍ പോക്‌സോ നിയമത്തിലെ മൂന്ന് (ബി) വകുപ്പ് പ്രകാരമുള്ള കുറ്റം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി നടപടിക്കെതിരെ പന്ത്രണ്ടു വയസുള്ള പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ അപ്പീലാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
2014 -ലാണ് കേസിനാസ്പദമായ സംഭവം.
വീട്ടില്‍ ടിവി കണ്ടു കൊണ്ടിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വിരലുകള്‍ കടത്തിയെന്നായിരുന്നു കേസ്. ഇത് പ്രകാരം പോക്സോ നിയമത്തിലെ 3 (ബി), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 451, ക്രിമിനല്‍ നടപടി ചട്ടത്തിലെ 357 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരന്‍ ആണെന്ന് വിചാരണ കോടതി വിധിച്ചു.
പ്രതിക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷയും പിഴ ശിക്ഷയും വിചാരണ കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതി വിരല്‍ കൊണ്ട് കുത്തിയെന്ന് മാത്രമാണ് പെണ്‍കുട്ടി മൊഴി നല്‍കിയതെന്ന് പ്രതിയുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു. സ്വകാര്യ ഭാഗത്ത് വിരല്‍ കൊണ്ട് കുത്തുന്നു എന്ന് പറയുന്നത് വിരല്‍ കടത്തല്‍ അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. ഈ വാദം അംഗീകരിച്ച ഹൈക്കോടതി, പ്രതിക്കെതിരേ പോക്സോ നിയമത്തിലെ മൂന്ന് (ബി) പ്രകാരം ചുമത്തിയ കുറ്റം പോക്സോ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരമുള്ള കുറ്റമാക്കി മാറ്റി.
ഇതിനു പിന്നാലെ ഏഴ് വര്‍ഷം തടവ് മൂന്ന് വര്‍ഷമാക്കി കുറഞ്ഞു. എന്നാല്‍ ഹൈക്കോടതി നടപടി തെറ്റാണെന്നും സ്വകാര്യഭാഗത്ത് കുത്തിയെന്ന മൊഴി തന്നെ പ്രതിക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ നല്‍കാന്‍ മതിയാകുമെന്നും അപ്പീലില്‍ പെണ്‍കുട്ടിയുടെ മാതാവിനായി ഹാജരായി അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ പ്രതിക്ക് എഴുപത്തിയഞ്ച് വയസായെന്നും ഈ കേസില്‍ മൂന്ന് വര്‍ഷം തടവ് അനുഭവിച്ചെന്നുമാണ് പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചത്.
പ്രതിയുടെ പ്രായവും മൂന്ന് വര്‍ഷം തടവ് അനുഭവിച്ചതും കണക്കിലെടുത്ത് ജസ്റ്റിസ് ബി.ആര്‍ ഗവായ് അപ്പീലില്‍ കൂടുതല്‍ ഇടപെടലിനില്ലെന്ന് കാട്ടി ഹരജി തള്ളുകയായിരുന്നു. എന്നാല്‍ പ്രതിയില്‍ നിന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് വാദിഭാഗം കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)