Sorry, you need to enable JavaScript to visit this website.

ശിവസേനയുടെ പേരും ചിഹ്നവും ഷിൻഡേക്ക് ഉപയോഗിക്കാം; സുപ്രീം കോടതി ഉത്തരവ്

ന്യൂദൽഹി-ശിവസേനയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിൻഡെ പക്ഷത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. കമ്മീഷൻ തീരുമാനം ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് പി.എസ് നരസിംഹ, ജസ്റ്റീസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിലെ സാഹചര്യത്തിൽ കമ്മീഷൻ തീരുമാനം സ്റ്റേ ചെയ്യാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഉദ്ധവ് താക്കറെ പക്ഷം നൽകിയ ഹർജിയിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ട് ഏക്‌നാഥ് ഷിൻഡെ പക്ഷത്തിന് സുപ്രീംകോടതി നോട്ടിസ് അയച്ചു.
ശിവസേനയുെട ചിഹ്നമായ അമ്പും വില്ലും ഷിൻഡെ പക്ഷത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്താണ് ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്. ഓഫീസും ബാങ്ക് അക്കൗണ്ടുകളും ഏറ്റെടുക്കുന്നത് തടയണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യവും കോടതി തള്ളി. ഉദ്ധവ് താക്കറെ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്ന പേരും കത്തുന്ന പന്തം ചിഹ്നവും ഉപയോഗിക്കാനും കോടതി അനുമതി നൽകി. മാസങ്ങൾ നീണ്ട അധികാര തർക്കത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാർട്ടി പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. കൂടുതൽ എം.എൽ.എമാരുടെയും എം.പിമാരുടെയും പിന്തുണ ലോക്നാഥ് ഷിൻഡെ പക്ഷത്തിനാണ് എന്നായിരുന്നു കമ്മീഷന്റെ വിലയിരുത്തൽ.
എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ അടിമയെന്ന് പ്രതികരിച്ച ഉദ്ധവ് താക്കറെ ജനാധിപത്യത്തിന് അപകടകരമായ തീരുമാനമാണ് ഇതെന്നും കുറ്റപ്പെടുത്തി. പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ നിയമ നടപടിയുമായി ഉദ്ധവ് താക്കറെ രംഗത്ത് എത്തിയത്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീർപ്പ് കൽപ്പിക്കരുതെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ ആവശ്യം.

Latest News