കൊച്ചി- ആള്‍മാറാട്ടം നടത്തി 45 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബീഹാര്‍ ഗോപാല്‍ഘഞ്ച് സ്വദേശി ധനശ്യാം സാഹ് (29)നെയാണ് എറണാകുളം റൂറല്‍ ജില്ല സൈബര്‍ പോലീസ് സ്റ്റേഷന് ടീം അറസ്റ്റ് ചെയ്തത്.
ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. കമ്പനിയുടെ എം. ഡിയാണെന്ന വ്യാജേന കമ്പനിയിലെ ഫിനാന്‍ഷ്യല്‍ മാനേജരെ ബന്ധപ്പെട്ട് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. രഹസ്യ മീറ്റിംഗിലാണെന്നും രഹസ്യ നമ്പറിലാണ് വിളിക്കുന്നതെന്നും നമ്പര്‍ ആര്‍ക്കും ഷെയര്‍ ചെയ്യരുതെന്നും എം. ഡിയെന്ന വ്യാജേന ബന്ധപ്പെട്ടയാള്‍ ആവശ്യപ്പെട്ടു. വാട്സാപ്പ് മെസേജ്, വോയ്സ് എന്നിവ വഴിയാണ് ബന്ധപ്പെട്ടത്. സത്യമാണെന്ന് വിശ്വസിച്ച മാനേജര്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.
പിന്നീട് തട്ടിപ്പാണെന്ന് മനസിലായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബീഹാറിലെ ഉള്‍ഗ്രാമത്തില്‍ നിന്നും സാഹസികമായാണ് ഇയാളെ പിടികൂടിയത്. ഇന്‍സ്പെക്ടര്‍മാരായ എം. ബി. ലത്തീഫ്, കെ. ഉണ്ണികൃഷ്ണന്, എസ്. ഐ എം. ജെ. ഷാജി, എസ്. സി. പി. ഒ ഷിറാസ് അമീന് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.