ഹൈദരാബാദ്- തെലങ്കാനയിലെ ഹൈദരാബാദില്‍ ഒരാള്‍ സ്ത്രീധനമായി 'പഴയ' ഫര്‍ണിച്ചറുകള്‍ നല്‍കിയതില്‍ പ്രകോപിതനായി വിവാഹം റദ്ദാക്കി. ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന മുഹമ്മദ് സക്കീര്‍ എന്ന വരന്‍ 22 കാരിയായ ഹീന ഫാത്തിമയുമായി ഞായറാഴ്ച നിശ്ചയിച്ച വിവാഹത്തിന് എത്തിയില്ല.
വധുവിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. വരന്റെ വീട്ടില്‍ ചെന്ന തന്നോട് മോശമായി പെരുമാറിയെന്നും ഇയാള്‍ ആരോപിച്ചു.
'ചോദിച്ച സാധനങ്ങള്‍ കൊടുത്തില്ല, ഫര്‍ണിച്ചറുകള്‍ പഴയതാണെന്നും അവര്‍ പറഞ്ഞു, അവര്‍ ചടങ്ങിന് വരാന്‍ വിസമ്മതിച്ചു. ഞാന്‍ വിവാഹത്തിന് വിരുന്ന് എല്ലാം ഒരുക്കി, ബന്ധുക്കളെയും അതിഥികളെയും എല്ലാവരെയും ക്ഷണിച്ചു, പക്ഷേ വരന്‍ വന്നില്ല. ,' വധുവിന്റെ പിതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
വരന്റെ വീട്ടുകാര്‍ സ്ത്രീധനത്തോടൊപ്പം ഫര്‍ണിച്ചറും ആവശ്യപ്പെട്ടിരുന്നുവെങ്കിലും പഴയ ഫര്‍ണിച്ചറാണ് വധുവിന്റെ വീട്ടുകാര്‍ നല്‍കിയതാണെന്നറിഞ്ഞതോടെ വിവാഹം വേണ്ടെന്ന് വെച്ചതായി പോലീസ് പറഞ്ഞു.
ഐപിസിയിലെയും സ്ത്രീധന നിരോധ നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.