ലഖ്‌നൗ- പുരാണ കാലഘട്ടത്തിലെ ഇന്റര്‍നെറ്റിനെ കുറിച്ചും സാങ്കേതിക വിദ്യകളെ കുറിച്ചുമുള്ള ബിജെപി നേതാക്കളുടെ പുതിയ കണ്ടെത്തലുകള്‍ക്ക് അവസാനമില്ല. ത്രിപുരയിലെ ബിജെപി മുഖ്യമന്ത്രി ബിപ്ലബ് ദേബ് പൊട്ടിച്ച വെടികളുടെ കോലാഹലങ്ങള്‍ അവസാനിച്ചതോടെ ഉത്തര്‍ പ്രദേശിലെ ബിജെപി ഉപമുഖ്യമന്ത്രിയാണ് പുരാണത്തിലെ പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഹൈന്ദവ പുരാണമായ രാമായണത്തിലെ സീതയുടെ പിറവി ടെസ്റ്റ് ട്യൂബ് സാങ്കേതികവിദ്യയിലൂടെ ആയിരുന്നുവെന്നാണ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ പറഞ്ഞത്.
സീതാ ജിയുടെ ജനനം മണ്‍പാത്രത്തില്‍ നിന്നാണെന്ന് പറയപ്പെടുന്നു. ഇതിനിര്‍ത്ഥം രാമായണ കാലഘട്ടത്തിലും ടെസറ്റ് ട്യൂബ് ശിശു സാങ്കേതിക വിദ്യയ്ക്കു സമാനമായ ഒന്ന് നിലവിലുണ്ടായിരുന്നു എന്നാണ്- ലഖ്‌നൗവില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ ശര്‍മ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് തത്സമ സംപ്രേക്ഷണം സാധാരണമാണ്. സമാന സാങ്കേതിക വിദ്യയിലൂടേയാണ് മഹാഭാരത യുദ്ധം സജ്ഞയന്‍ ധൃതരാഷ്ട്രര്‍ക്ക് ലൈവായി വിവരിച്ചു കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തനത്തിന്റെ തുടക്കവും മഹാഭാരത കാലത്താണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ധാരാളം ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 18 ദിവസം നീണ്ട കുരുക്ഷേത്ര യുദ്ധം സ്ജ്ഞയന്‍ കണ്ണുകാണാത്ത ധൃതരാഷ്ട്രര്‍ക്കു ഹസിനപുരിയില്‍ ഇരുന്ന് വിവരിച്ചു കൊടുത്തതും ഇതിനൊരു ഉദാഹരണമാണെന്നും ഹിന്ദി ജേണലിസം ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ശര്‍മ പറഞ്ഞു.
മഹാഭാരത കാലത്തെ ഗൂഗള്‍ ആണ് നാരദ മുനിയെന്ന് മറ്റു ബിജെപി നേതാക്കളുടെ വാദം ശര്‍മയും ആവര്‍ത്തിച്ചു. നാരായണ എന്ന മന്ത്രം മൂന്ന് തവണ ഉരുവിട്ട് എവിടെ എത്തിച്ചേരാനും ഏതു വിവരവും കൈമാറാനുമുള്ള കഴിവ് നാരദനുണ്ടായിരുന്നെന്നും ശര്‍മ പറഞ്ഞു.