മനോരോഗിയായ വിദേശ തീര്‍ഥാടകന്‍ മക്കയില്‍ രണ്ടു പേരെ കുത്തിക്കൊന്നു

മക്ക - മാനസിക രോഗിയായ വിദേശ തീര്‍ഥാടകന്‍ സ്വന്തം നാട്ടുകാരായ രണ്ടു തീര്‍ഥാടകരെ കുത്തിക്കൊന്നു. മക്കയിലെ ഹോട്ടലിലാണ് സംഭവം. നാല്‍പതുകാരനായ പ്രതിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട തീര്‍ഥാടകരും പ്രതിയും അള്‍ജീരിയക്കാരാണ്. മൂവരും ഒരേ ഗ്രൂപ്പിലാണ് ഉംറക്കെത്തിയത്.
ഉംറ കര്‍മത്തിന് മക്കയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പ് പ്രതി അള്‍ജീരിയയില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായി അള്‍ജീരിയന്‍ അധികൃതര്‍ പറഞ്ഞു. തീര്‍ഥാടകരില്‍ ഒരാളെ ഹോട്ടലിലെ റിസപ്ഷനില്‍ വെച്ചും രണ്ടാമത്തെയാളെ മുറിയില്‍ വെച്ചുമാണ് പ്രതി കുത്തിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു തീര്‍ഥാടകനെ സൗദി സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അള്‍ജീരിയന്‍ വൃത്തങ്ങള്‍ പറഞ്ഞു.
സ്വന്തം നാട്ടുകാരായ രണ്ടു തീര്‍ഥാടകരെ മക്കയിലെ ഹോട്ടലില്‍ വെച്ച് കുത്തിക്കൊന്ന് രക്ഷപ്പെട്ട അള്‍ജീരിയന്‍ തീര്‍ഥാടകനെ അറസ്റ്റ് ചെയ്തതായി മക്ക പോലീസ് അറിയിച്ചു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മക്ക പോലീസ് പറഞ്ഞു.

 

Latest News