മുംബൈ-ആഗോള തലത്തില്‍ വലിയതോതില്‍ കാലാവസ്ഥ ദുരന്തഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളും. ക്രോസ് ഡിപെന്‍ഡന്‍സി ഇനിഷ്യേറ്റീവ് പുറത്തുവിട്ട 'ഗ്രോസ് ക്ലൈമറ്റ് റിസ്‌ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ അടക്കം ആഗോള തലത്തില്‍ 2600 സംസ്ഥാനങ്ങളെയും പ്രവിശ്യകളെയും ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വന്നിരിയ്ക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ അവസരത്തില്‍ ഏറ്റവുമധികം നഷ്ടം സംഭവിക്കുന്നത് ഏഷ്യയ്ക്കാണെന്നും കാലാവസ്ഥാ വ്യതിയാനം വഷളാകുന്നത് തടയുന്നതിലും കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിക്ഷേപം ത്വരിതപ്പെടുത്തേണ്ടതും ആവശ്യമാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ചൈന, ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തരത്തില്‍ കാലാവസ്ഥ ദുരന്തഭീഷണി നേരിടുന്ന കൂടുതല്‍ പ്രദേശങ്ങളെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിലെയും ഇന്ത്യയിലെയും പ്രധാന സാമ്പത്തിക മേഖലകള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ അല്ലെങ്കില്‍ പ്രവിശ്യകള്‍ ആദ്യ 100 ല്‍ തന്നെ ഇടം പിടിക്കുന്നുണ്ട് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
ഏറ്റവും ഉയര്‍ന്ന നിലയില്‍ ഭീഷണി നേരിടുന്ന ആദ്യ 50 പ്രദേശങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. ചൈനയില്‍ 26, യുഎസ് അഞ്ച് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പ്രദേശങ്ങള്‍. ചൈനയിലെ 80 ശതമാനത്തോളം വരുന്ന 50 പ്രവിശ്യകളും വലിയ കാലാവസ്ഥാ ദുരന്ത ഭീഷണി നേരിടുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൈന കഴിഞ്ഞാല്‍, ആദ്യ 50-ല്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ (9) ഉള്ളത് ഇന്ത്യയിലാണ്. അതില്‍ ബീഹാര്‍ (22ാം സ്ഥാനം), ഉത്തര്‍പ്രദേശ് (25), അസം (28), രാജസ്ഥാന്‍ (32), തമിഴ്നാട് (36), മഹാരാഷ്ട്ര (36), മഹാരാഷ്ട്ര ( 38, ഗുജറാത്ത് (48), പഞ്ചാബ് (50), കേരളം (52) എന്നിങ്ങനെയാണ് ഇടം പിടിച്ചിരിക്കുന്നത്. ഈ പട്ടികയില്‍ 52ാം സ്ഥാനത്താണ് കേരളം. ഇതില്‍ തന്നെ ബീഹാര്‍, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന കാലാവസ്ഥ വ്യതിയാന ഭീഷണി നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
കാലാവസ്ഥ വ്യതിയാന അപകടങ്ങള്‍ മൂലം മനുഷ്യ നിര്‍മ്മിത പരിസ്ഥിതിക്ക് കനത്ത നാശനഷ്ടം സംഭവിക്കാനുള്ള സാധ്യത നേരിടുന്ന പ്രദേശങ്ങളുടെ പട്ടികയാണ് ക്രോസ് ഡിപെന്‍ഡന്‍സി ഇനിഷ്യേറ്റീവ് തയ്യാറാക്കിയത്.