Sorry, you need to enable JavaScript to visit this website.

മരിച്ചെന്ന് ഡോക്ടര്‍മാര്‍; സംസ്‌കാരത്തിനെടുത്തപ്പോള്‍ നവജാത ശിശുവിന് ജീവന്‍

ന്യൂദല്‍ഹി :  ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിനെ വീട്ടുകാര്‍ സംസ്‌കരിക്കനായി കൊണ്ടുപോയപ്പോള്‍ കുട്ടി കയ്യും കാലും ഇളക്കുകയും ശ്വാസമെടുക്കുകയും ചെയ്യുന്നു. ഉടന്‍ തിരിച്ച് തിരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുഞ്ഞ് ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ദല്‍ഹി സര്‍ക്കാറിന്റെ കീഴിലുള്ള ലോക് നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയിലാണ് സംഭവം.
ഇന്നലെയാണ് 35 വയസായ സ്ത്രീ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. എന്നാല്‍ കുഞ്ഞ് അല്‍പ്പ സമയത്തിനകം മരിച്ചതായി ആശുപത്രി അധികൃതര്‍ യുവതിയുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ ' മൃതദേഹം ' സംസ്‌കാരത്തിനായി ഒരു പെട്ടിയിലാക്കി നല്‍കുകയും ചെയ്തു. ഈ പെട്ടിയുമായി വീട്ടിലെത്തിയ ബന്ധുക്കള്‍ ഒന്നര മണിക്കൂറിന് ശേഷം രാത്രി ഏഴരയോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പെട്ടി തുറപ്പോഴാണ് കുട്ടി കൈകാലുകള്‍ ഇളക്കുകയും ശ്വാസമെടുക്കുക്കുകയും ചെയ്യുന്നതായി കണ്ടെത്തിയത്. ഉടന്‍ തിരിച്ച് ഇതേ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാല്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ ആദ്യം സമ്മതിച്ചില്ലെന്നും പിന്നീട് ബഹളം വെക്കുകയും പോലീസിനെ വിളിക്കുകയും ചെയ്തപ്പോഴാണ് കുട്ടിയെ അഡ്മിറ്റാക്കാന്‍ തയ്യാറായതെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
അതേസമയം കുട്ടിയുടെ അമ്മയ്ക്ക് 23 ആഴ്ചത്തെ ഗര്‍ഭധാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കേവലം 490 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ തൂക്കമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. പൂര്‍ണ്ണ ഗര്‍ഭ ധാരണത്തിന് മുന്‍പ് ഇത്തരത്തില്‍ കുട്ടികള്‍ ജനിക്കുന്നത് അബോര്‍ഷനായാണ് കണക്കാക്കുകയെന്നും ഈ കുട്ടിയെയും ഇത്തരത്തിലാണ് കണക്കാക്കിയതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തെക്കിറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണുള്ളതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

 

 

 

Latest News