ബംഗളുരു- കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ്് സഖ്യ സര്‍ക്കാരില്‍ അഞ്ചു വര്‍ഷവും മുഖ്യമന്ത്രിയായി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി തന്നെ തുടരാന്‍ ധാരണയായി. ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസ് സമ്മതിച്ചതോടെയാണ് തീരുമാനമായത്. സഖ്യകരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2019-ല്‍ നടക്കാനിരിക്കുന്ന നിര്‍ണായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും ഒറ്റക്കെട്ടായി മത്സരിക്കാനും തീരുമാനമായിട്ടുണ്ട്.
മന്ത്രിമാരുടെ വകുപ്പുകള്‍ വീതം വയ്ക്കുന്നതു സംബന്ധിച്ച് ഇരുപാര്‍ട്ടികള്‍ക്കിടയിലും ഭിന്നതയുണ്ടായിരുന്നു. എന്നാല്‍ പദവി വീതം വയ്ക്കലിനു പുറമെ സഖ്യം മുന്നോട്ടു കൊണ്ടു പോകുന്നതു സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങളാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്നത്. തര്‍ക്കങ്ങള്‍ക്ക് ഏതാണ്ട് പരിഹാരമായിട്ടുണ്ട്. മന്ത്രിമാരെ ഉടന്‍ പ്രഖ്യാപിക്കും. സഖ്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും സര്‍ക്കാരിന്റെ സുസ്ഥിരതയ്ക്ക് ഒരു പൊതു മിനിമം പദ്ധതിയുണ്ടാക്കാനും തീരുമാനമായിട്ടുണ്ട്.
വകുപ്പു വിഭജന തര്‍ക്കത്തില്‍ കീറാമുട്ടിയായ ധനകാര്യം ജെഡിഎസിനും ആഭ്യന്തരം കോണ്‍ഗ്രസിനും വിട്ടു നല്‍കാന്‍ പരസ്പരം ധാരണയായി.