ഇസ്ലാമാബാദ്- മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷര്‍റഫിന്റെ പാസ്‌പോര്‍ട്ടും നാഷണല്‍ ഐഡി കാര്‍ഡും പാക്കിസ്ഥാന്‍ റദ്ദാക്കുന്നു. ഇതു സംബന്ധിച്ച് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടതായി പാക്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേക കോടതി ഉത്തരവു പ്രകാരം പാസ്‌പോര്‍ട്ട് വകുപ്പിനോടും നാഷണല്‍ ഡേറ്റാബേസ് ആന്റ് രജിസ്‌ട്രേഷന്‍ അതോറിറ്റിയോടും മുഷര്‍റഫിന്റെ രേഖകള്‍ റദ്ദാക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവ രണ്ടും റദ്ദാക്കപ്പെട്ടാല്‍ അടുത്തപടിയായി മുഷര്‍റഫിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും അന്താരാഷ്ട്ര യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. രാജ്യദ്രോഹം കുറ്റത്തിനാണ് മുഷര്‍റഫിനെതിരെ കോടതിയില്‍ കേസ് നടന്നു വരുന്നത്. പാസ്‌പോര്‍ട്ടും നാഷണല്‍ ഐഡി കാര്‍ഡും റദ്ദാക്കാന്‍ കോടതി മാര്‍ച്ച് എട്ടിനാണ് ഉത്തരവിട്ടത്. മുഷര്‍റഫിനെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും വിദേശത്തുള്ള സ്വത്തുകള്‍ കണ്ടു കെട്ടാനും ബന്ധപ്പെട്ട ഏജന്‍സികളോട് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. 2007-ല്‍ സൈനിക ഭരണകൂടത്തിന്റെ തലവനായിരിക്കെ രാജ്യത്തിന്റെ ഭരണഘടന തിരുത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് മുഷര്‍റഫിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടത്.