Sorry, you need to enable JavaScript to visit this website.

ജോണ്‍ ബ്രിട്ടാസിന് മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന പുരസ്‌ക്കാരം

ന്യൂദല്‍ഹി- മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന പുരസ്‌ക്കാരം ഡോ. ജോണ്‍ ബ്രിട്ടാസ് എം. പിയ്ക്ക്. രാജ്യസഭയിലെ ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, സഭാ നടപടികളിലെ പ്രാഗത്ഭ്യം തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. പാര്‍ലമെന്ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി. എസ് കൃഷ്ണമൂര്‍ത്തിയായിരുന്നു സഹാധ്യക്ഷന്‍. 

രാജ്യസഭയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരില്‍ ആദ്യത്തെ പേരാണ് ഡോ. ജോണ്‍ ബ്രി്ട്ടാസിന്റേത്. ഡോ. മനോജ് കുമാര്‍ ഝാ, ഫൗസിയ തഹ്‌സീന്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് രാജ്യസഭയില്‍ നിന്നും മികവിന്റെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ടുപേര്‍. 

ലോക്‌സഭയില്‍ നിന്നും ബിദ്യുത് ബരണ്‍ മഹതോ, ഡോ. സുകാന്ത മജുംദാര്‍, കുല്‍ദീപ് റായ് ശര്‍മ്മ, ഡോ. ഹീണ വിജയകുമാര്‍ ഗാവിത, അധിര്‍ രഞ്ജന്‍ ചൗധരി, ഗോപാല്‍ ചിനയ്യ ഷെട്ടി, സുദീര്‍ ഗുപ്ത, ഡോ. അമോല്‍ റാം സിംഗ് കോളി എന്നിവര്‍ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. 

ഡോ. എ. പി. ജെ അബ്ദുല്‍ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് മുന്‍ എം. പി ടി. കെ. രംഗരാജനാണ് അര്‍ഹനായത്. ലോക്സഭയുടെ ധനകാര്യ കമ്മിറ്റി, രാജ്യസഭയുടെ ട്രാന്‍സ്പോര്‍ട്ട് ടൂറിസം കള്‍ച്ചറല്‍ കമ്മിറ്റി എന്നിവയും അവാര്‍ഡിന് അര്‍ഹമായി.  പ്രൈം പോയിന്റ് ഫൗണ്ടേഷനാണ് മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ അബ്ദുല്‍ കലാമിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ പാര്‍ലമെന്ററിയന്‍ അവാര്‍ഡിന്റെ നിര്‍വഹണ ചുമതല. 

മാര്‍ച്ച് 25ന് ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Latest News