കീവ്- യു. എസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. പോളണ്ടിലെ വാഴ്സോയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രസിഡന്റ് ബൈഡന്‍ അന്താരാഷ്ട്ര സമൂഹത്തെ അത്ഭുതപ്പെടുത്തിയാണ് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെത്തിയത്.
പോരാട്ടത്തിന്റെ അവസാന നിമിഷം വരെ യുക്രെയ്‌നുള്ള യു. എസ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ച യു. എസ് പ്രസിഡന്റ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ആരോപിച്ച യു. എസ് റഷ്യയെ സഹായിക്കുന്നതിനെതിരെ ചൈനയ്ക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.
പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്നാണ് റഷ്യ ഇക്കാര്യങ്ങളില്‍ പ്രതികരിച്ചത്. മ്യൂണിക്കില്‍ ശനിയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയില്‍ യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യന്‍ അധിനിവേശത്തിനു പിന്തുണ നല്‍കിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പു നല്‍കിയത്. എന്നാല്‍ ചൈന കൈകെട്ടി നോക്കി നില്‍ക്കുകയോ എരിതീയില്‍ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ് യി പ്രതികരിച്ചു.
റഷ്യന്‍ അനുകൂല നിലപാടാണു ചൈനയുടേതെന്ന് യു. എസ് വൈസ് പ്രസിഡന്റ് കമല ഹാരിസും കുറ്റപ്പെടുത്തിയിരുന്നു. യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശമേഖലകളില്‍ കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.