Sorry, you need to enable JavaScript to visit this website.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ മിന്നല്‍ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

കൊച്ചി- എറണാകുളം സൗത്ത് റയില്‍വേ സ്‌റ്റേഷനില്‍ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും എക്‌സൈസും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധയില്‍ വന്‍ കഞ്ചാവ് വേട്ട. സംശയാസ്പദമായ സാഹചര്യത്തില്‍ പ്ലാസ്റ്റിക്ക് ചാക്കുകെട്ടില്‍ ഉപേക്ഷിച്ച 48 കിലോഗ്രാം കഞ്ചാവ് പൊടിയാണ് അന്വേഷണത്തില്‍ കണ്ടെടുത്തത്. 

വടക്കേ ഇന്ത്യയില്‍ നിന്നും ട്രെയില്‍ മാര്‍ഗ്ഗം എറണാകുളത്ത് എത്തിച്ച കഞ്ചാവ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടുമെന്നുറപ്പായപ്പോള്‍ ചാക്ക് ഉപേക്ഷിച്ചതായിരിക്കാമെന്നാണ് കരുതുന്നത്. കേസ് റജിസ്റ്റര്‍ ചെയ്ത എക്‌സൈസ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. വരും ദിവസങ്ങൡും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പിടികൂടിയ കഞ്ചാവിന് ഏകദേശം 10 ലക്ഷത്തോളം രൂപ വില വരും. 

റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്പെക്ടര്‍ കെ. ഐ ജോസിന്റെയും എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ്  നര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവെന്റിവ് ഓഫീസര്‍ എന്‍. എ മനോജിന്റെയും  നേതൃത്വത്തിലുള്ള സംഘമാണ് മിന്നല്‍ പരിശോധന നടത്തിയത്. രാജീവ് കെ. എസ്, കോണ്‍സ്റ്റബിള്‍മാരായ കെ. കെ. സുനില്‍, പി. കെ. ഉദയകുമാര്‍, ഹര്‍ഷകുമാര്‍, അഭിലാഷ്, ജെയിംസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Latest News