കാസര്‍കോട്-കാസര്‍കോട് പോലീസ് വലയത്തില്‍. മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കാസര്‍കോടെത്തുന്നുണ്ട്. അഞ്ച് പൊതുപരിപാടികളില്‍ പങ്കെടുക്കാനാണ് അദ്ദേഹം കാസര്‍കോട് എത്തുന്നത്. മുഖ്യന്ത്രിയുടെ സുരക്ഷയ്ക്കായി 911 പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.
കാസര്‍കോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളില്‍ നിന്നുള്ള പോലീസുകാരെ കൂടി വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയില്‍ ഉണ്ട്. കാസര്‍കോഡ് ജില്ലാ പോലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പിന് വിലക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതായത് പര്‍ദയിട്ട് വരുന്നവരെ തടയില്ലെന്നര്‍ഥം.
കരിങ്കൊടി പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് പ്രതിപക്ഷ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കുന്നത് തുടരവേ, കോഴിക്കോട്ട് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ കറുത്ത വസ്ത്രവും മാസ്കും ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് വിവാദത്തിലായി. ഇന്നലെ മീഞ്ചന്ത ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംസ്ഥാന ജൈവ വൈവിദ്ധ്യ കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തിലായിരുന്നു വിലക്ക്. കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുസംബന്ധിച്ച് മുന്‍കൂര്‍ നിര്‍ദ്ദേശം നല്കിയതും വിവാദത്തിലായിരുന്നു.
കറുത്ത മാസ്ക് ധരിച്ചെത്തിയ രണ്ടുകുട്ടികളോട് അത് അഴിച്ചുമാറ്റാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. കറുത്ത ടീ ഷര്‍ട്ടിട്ട് എത്തിയ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തു. ഗസ്റ്റ് ഹൗസിന് സമീപത്ത് കരിങ്കൊടിയുമായി എത്തിയ കെ.എസ്.യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.സൂരജ്, എലത്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് എം.പി.രാഗിന് എന്നിവരെ കരുതല്‍ തടങ്കലിലാക്കി. ഈ വഴിയായിരുന്നു മുഖ്യമന്ത്രി സമ്മേളനത്തിനെത്തിയത്. സമ്മേളനത്തിന് എത്തിയവരുടേയും മാധ്യമപ്രവര്‍ത്തകരുടെയും ബാഗുകളുംമറ്റും മുഖ്യമന്ത്രി മടങ്ങുന്നതുവരെ പിടിച്ചുവച്ചിരുന്നു.