കോഴിക്കോട് : ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ കൈയ്യില്‍ ചെറിയ മുറിവ് കണ്ട് സംശയം തോന്നി വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ചെറിയ കുട്ടികളെപ്പോലും എങ്ങനെയാണ് സോഷ്യല്‍ മീഡിയ വഴി മയക്കു മരുന്ന് ലോബികള്‍ ഇരകളാക്കിയും പിന്നീട് കാരിയര്‍മാരാക്കിയും മാറ്റുന്നതെന്നതിന്റെ വിവരങ്ങളാണ് കുട്ടിയില്‍ നിന്ന് പുറത്ത് വന്നത്. കുട്ടി പറഞ്ഞ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് മാതാപിതാക്കള്‍.
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ തന്നതെന്നും തന്നെ കാരിയറായി ഉപയോഗിച്ചെന്നും ഒന്‍പതാം ക്ലാസുകാരി പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇടപാടുകാര്‍ ആദ്യം സൗജന്യമായി മയക്കുമരുന്ന് നല്‍കി, പിന്നീട് മയക്കുമരുന്ന് കാരിയറാകാന്‍ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്തു. സ്‌കൂളില്‍ നേരത്തെ പഠിച്ചു പോയിട്ടുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളാണ് തന്നെ മയക്കു മരുന്ന് ലോബികളുമായി ബന്ധപ്പെടുത്തിയതെന്നും വിദ്യാര്‍ഥിനി പറയുന്നു.
കുട്ടിയുടെ കൈയില്‍ മുറിവ് കണ്ട് ഇക്കാര്യം മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. അധ്യാപകര്‍ ഇത് സംബന്ധിച്ച് അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിക്ക് എന്തോ മാനസിക പ്രശ്‌നമാണെന്നാണ് അധ്യാപകര്‍ കരുതിയത്. ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് താന്‍ മയക്കുമരുന്ന് ലോബിയുടെ വലയിലകപ്പെട്ടതിന്റെ ഞട്ടിക്കുന്ന വിവരങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. കൈയില്‍ മുറിവുണ്ടാക്കിയാണ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു.. എം ഡി എം എ മയക്കുമരുന്നാണ് ഇടപാടുകാര്‍ നല്‍കിയിരുന്നത്. ബെംഗളൂരുവില്‍ പിതാവിനൊപ്പം എത്തിയപ്പോള്‍ ഇക്കാര്യമ റിഞ്ഞ ഇടപാടുകാര്‍ അവിടെ മറ്റൊരാളെ പരിചയപ്പെടുത്തുകയും അയാള്‍ രണ്ടു ഗ്രാമോളം മയക്കുമരുന്ന് നാട്ടിലേക്ക് കൊണ്ടുവന്നിരുന്നതായി കൊടുത്തു വിട്ടെന്നും പെണ്‍കുട്ടി പറയുന്നു. സ്‌കൂളില്‍ നിരവധി വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശനന്‍ അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)