Sorry, you need to enable JavaScript to visit this website.

പാലായിൽ വീണ്ടും വിവാദം; ഇടതു മുന്നണിയിൽ ഭിന്നത

കോട്ടയം- പാലായിലെ ശ്മശാനം നേരത്തെ ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട പുതിയ അധ്യക്ഷയുടെ പ്രസ്താവനയെ ചൊല്ലി ഇടതു മുന്നണിയിൽ ഭിന്നത. കേരള കോൺഗ്രസ്-എം അധ്യക്ഷ പദവിയിലിരിക്കെ നടത്തിയ ഉദ്ഘാടനത്തെ ഇപ്പോഴത്തെ സി.പി.എം നഗരസഭാധ്യക്ഷ തള്ളിയതോടെയാണ് വിവാദം ഉടലെടുത്തത്. 
പാലാ നഗരസഭാധ്യക്ഷ നടത്തിയ പരസ്യ മാപ്പു പറച്ചിൽ സമീപ കാലത്ത് ഭരണകക്ഷിയിലുണ്ടായ വിള്ളൽ ശക്തമാക്കുന്നു. സി.പി.എം അംഗം ബിനു പുളിക്കക്കണ്ടത്തിനെ ചെയർമാനാക്കുന്നതിനെതിരെ കേരള കോൺഗ്രസ് നടത്തിയ നീക്കങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങളുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസമുണ്ടായ മാപ്പ് പറച്ചിൽ. പുതിയ അധ്യക്ഷയായി ജോസിൻ ബിനോയെ തെരഞ്ഞെടുത്തപ്പോൾ മുതൽ ഭരണകക്ഷിയിൽ വിള്ളലുണ്ടായിരുന്നു. ആറു സി.പി.എം അംഗങ്ങളിൽ മൂന്നു പേർ നിഷ്പക്ഷ നിലപാടാണ സ്വീകരിച്ചിരിക്കുന്നത്. 


പാർട്ടി നിലപാടുകൾക്കനുസരിച്ചായിരിക്കും ഇവരുടെ നീക്കങ്ങൾ. കേരള കോൺഗ്രസ്-എം അംഗങ്ങൾ പലപ്പോഴും വിയോജിപ്പ് ശക്തമായി പ്രകടിപ്പിച്ചിട്ടുണ്ട്. 17 അംഗ ഭരണകക്ഷി അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് കേരള കോൺഗസിന്റെ 11 അംഗങ്ങൾ പുറത്തു പോയത് സമീപ കാലത്ത് വിവാദമായിരുന്നു. ഭരണ കക്ഷിയിലെ ചിലരോടുള്ള വിയോജിപ്പാണ് ഇത്തരമൊരു നീക്കത്തിന് കാരണം. കഴിഞ്ഞ ദിവസം നഗരസഭാധ്യക്ഷ മാപ്പു പറഞ്ഞ സംഭവം ഏറെ വിവാദമായിട്ടും സി.പി.എമ്മിന്റെയോ കേരള കോൺഗ്രസിന്റെയോ മുതിർന്ന നേതാക്കൾ  പ്രതികരിച്ചിട്ടില്ല. 
സംഭവത്തിൽ ഉന്നത നേതാക്കളിടപെട്ട് അനുരഞ്ജനത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതിനിടെ നഗരത്തിൽ കുടിവെള്ള വിതരണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്തു നൽകിയിരിക്കുകയാണ്. ഇതും രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്ന് സൂചനയുണ്ട്. അതിനിടെ, രാഷ്ട്രീയ വിവാദത്തിനു മറുപടിയുമായി മുൻ ചെയർമാൻ രംഗത്ത് എത്തി. കഴിഞ്ഞ കാലങ്ങളിൽ നിർമാണം പൂർത്തിയാകാതെയാണ് ചില ഉദ്ഘാടനങ്ങൾ നടത്തിയതെന്ന ആരോപണം നിരാശയിൽ നിന്ന് ഉള്ളതും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതാണെന്നും നഗരസഭാ മുൻ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു. 
ജോസഫ് വിഭാഗം ചെയർപേഴ്‌സണെ പിന്തുണച്ച് കാര്യങ്ങൾ നേടാമെന്ന് വിചാരിക്കുന്നത് രാഷ്ട്രിയ പാപ്പരത്തമാണ്. കഴിഞ്ഞ വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന്റെ തുടർച്ച തന്നെയാണ് ഇപ്പോഴുമുള്ളത്. ആര് കസേരയിൽ ഇരുന്നാലും എൽ.ഡി.എഫ് കൗൺസിലർമാരുടെ തീരുമാനമേ നഗരസഭയിൽ ഉണ്ടാവുകയുള്ളൂ. 


ജോസഫ് വിഭാഗത്തിന്റെ ഔദാര്യം ആവശ്യമില്ല. ഇനി ഒരു വർഷം നിങ്ങൾ ഏതിനെയും എന്തിനെയും എതിർക്കാതെ എൽ.ഡി.എഫ് ചെയർപേഴ്‌സണെ സഹായിക്കാൻ തയാറാകുന്നതിനെ സ്വാഗതം ചെയ്യുന്നു. 
തർക്ക വിഷയങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള കരുത്ത് എൽ.ഡി.എഫ് നഗരസഭാ നേതൃത്വത്തിനുണ്ട്. കെ.എം മാണി സ്മാരക ജനറൽ ആശുപത്രി സന്ദർശിച്ചതിനു ശേഷം പറഞ്ഞിരുന്നെങ്കിൽ പരിസരം പോലും വൃത്തിയാക്കിയില്ലെന്ന ആരോപണം ശരിയായിരുന്നോ എന്ന് നേരിട്ട് മനസിലാക്കാമായിരുന്നു. പരിസരം മുഴുവൻ ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്. ദേശീയ അംഗീകാരത്തിന് ശുപാർശ ചെയ്യപ്പെട്ട ആശുപത്രി കൂടിയാണ്. ഉദ്ഘാടനം നടത്താൻ ആരും അവിടെ പോയിട്ടും ഇല്ല. 
കോടതി കോംപ്ലക്‌സിന്റെ നിർമാണ പ്രവർത്തനങ്ങൾ മുഴുവൻ പൂർത്തികരിച്ചിട്ടാണ് ഉദ്ഘാടനം നടത്തിയിട്ടുള്ളത്. ലേലത്തിൽ എടുക്കാൻ ആരും തയാറാകത്തിന് കാരണങ്ങൾ വേറെ പലതുമായിരിക്കാം. ടൂറിസം അമിനിറ്റി സെന്റർ നഗരസഭയുടെ ഉടമസ്ഥതയിലല്ലായെന്നും മുൻ ചെയർമാൻ ഉദ്ഘാടനം ചെയ്തിട്ടില്ലായെന്നതും കൂടി മനസിലാക്കുന്നത് നല്ലതാണ്. യു.ഡി.എഫിലും സ്വന്തം പാർട്ടിയിലും അവഗണന നേരിടുന്ന നേതാക്കൾ എന്തിനും ഏതിനും ജോസ്.കെ മാണിയെ ആക്ഷേപിക്കാൻ ജീവിത വ്രതമെടുത്തവർക്ക് അവരുടെ സ്വഭാവം മാറാൻ പ്രാർഥിക്കാൻ മാത്രമെ സാധിക്കുകയുള്ളൂവെന്നും മുൻ നഗരസഭാ ചെയർമാൻ പറഞ്ഞു.

Latest News