അങ്കാറ- തുർക്കി ഭൂകമ്പത്തിൽ ഘാന ദേശീയ താരവും ന്യൂകാസിൽ മുൻ മിഡ്ഫീൽഡറുമായ ക്രിസ്റ്റ്യൻ അറ്റ്‌സു മരിച്ചതായി സ്ഥിരീകരിച്ചു. താരത്തിന്റെ മൃതദേഹം അദ്ദേഹം താമസിച്ചിരുന്ന വസതിയുടെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെത്തിയതായി അദ്ദേഹത്തിന്റെ മാനേജരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെ അദ്ദേഹത്തിന്റെ മാനേജർ മുറാത്ത് ഉസുൻമുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. തെക്കൻ തുർക്കി പ്രവിശ്യയായ ഹതായിൽ അവശിഷ്ടങ്ങൾക്കടിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. 'അത്സുവിന്റെ ചേതനയറ്റ ശരീരം അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെത്തി. അറ്റ്‌സുവിന്റെ ഫോണും കണ്ടെത്തി.
എല്ലാ അഭ്യുദയകാംക്ഷികളോടും എനിക്ക് ഏറെ ഹൃദയഭാരത്തോടെയും സങ്കടത്തോടെയുമാണ് ഇക്കാര്യം അറിയിക്കാനുള്ളത്. ക്രിസ്റ്റ്യൻ അറ്റ്‌സുവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെടുത്തു, അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നുവെന്നും ഘാനയിലെ ഏജന്റ് നാനാ സെച്ചെരെ ട്വീറ്റ് ചെയ്തു. ഹതയ് ആസ്ഥാനമായുള്ള ടർക്കിഷ് സൂപ്പർ ലിഗ് ക്ലബ്ബായ ഹതായ്‌സ്‌പോറിന്റെ താരമായിരുന്നു അറ്റ്‌സു. ഭൂകമ്പത്തിന് മണിക്കൂറുകൾക്ക് മുമ്പ് അറ്റ്‌സു തെക്കൻ തുർക്കിയിൽ നിന്ന് തിരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഫെബ്രുവരി 5 ലെ സൂപ്പർ ലിഗ് മത്സരത്തിൽ വിജയ ഗോൾ നേടിയതിന് ശേഷം താരം ക്ലബ്ബിനൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നു.