Sorry, you need to enable JavaScript to visit this website.

പാർട്ടി പ്രവർത്തകരെ മുഖ്യമന്ത്രി തടങ്കലിൽ വെക്കുന്നു; നിയമനടപടി സ്വീകരിക്കും-വി.ഡി സതീശൻ

കണ്ണൂർ-മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പാർട്ടി പ്രവർത്തകരെ അനധികൃത കസ്റ്റഡിയിൽ വെക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ.
ആളുകളെ അനധികൃതമായി കസ്റ്റഡിയിൽ സൂക്ഷിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശമുണ്ട്. ഈ നിർദ്ദേശം മറികടന്നാണ് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ ആളുകളെ കസ്റ്റഡിയിലെടുക്കുന്നത്. ഇന്നലെ പാലക്കാടും കണ്ണൂരും മൂന്നു പേരെ അനധികൃതമായി കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി റോഡിലിറങ്ങിയാൽ ആളുകൾക്ക് മരുന്നു വാങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ്. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുവെന്ന് സ്വയം വിശേഷിപ്പിക്കുന്ന പിണറായി വിജയന് ഇപ്പോൾ ജനങ്ങളെയും പ്രതിഷേധങ്ങളെയും ഭയമാണ്. മുഖ്യമന്ത്രി പോകുന്ന സ്ഥലങ്ങളിൽ റോഡ് വിജനമായിരിക്കണം. മുഖ്യമന്ത്രി റോഡിലിറങ്ങിയാൽ പുലി ഇറങ്ങിയ അവസ്ഥയാണ്.  നാൽപ്പത് വാഹനങ്ങളുടെ അകമ്പടിയോടെ ജനങ്ങളെ ബന്ധിയാക്കി യാത്ര നടത്തുന്ന മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.  സതീശൻ തുറന്നടിച്ചു.
               ആകാശ് തില്ലങ്കേരിയെപ്പോലുള്ള ക്രിമിനലുകളെ ഭയക്കേണ്ട ഗതികേടിലാണ് സി.പി.എം.  ആകാശിനെ പ്രകോപിപ്പിക്കരുതെന്നാണ് പാർട്ടി അണികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞ ആകാശിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ സി.പി.എം ഭയക്കുന്നത് എന്തുകൊണ്ടാണ്. ആകാശിന്റെ കീഴടങ്ങൽ നാടകമാണ്. രാഷ്ട്രീയ എതിരാളികളെ വകവരുത്താൻ ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്ത ഫലമാണിപ്പോൾ സി.പി.എം അനുഭവിക്കുന്നത്. പെരിയ, എടയന്നൂർ കൊലപാതകങ്ങളിൽ ക്രിമിനലുകളെ രക്ഷിക്കാൻ ഇതുവരെയായി 2.11 കോടി രൂപയുടെ നികുതിപ്പണമാണ് ചെലവഴിച്ചത്-സതീശൻ ആരോപിച്ചു. ശിവശങ്കരന്റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയടക്കമുള്ളവരെയാണ് പരാമർശിക്കുന്നത്. ധനസമ്പാദനത്തിന് മുഖ്യമന്ത്രി ശ്രമിച്ചുവെന്നതിന്റെ തെളിവുകളാണിപ്പോൾ പുറത്തു വരുന്നത്. ലഹരി മുതൽ സ്വർണ്ണക്കടത്ത് വരെയുള്ള എല്ലാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലും സി.പി.എം ഭാഗവാക്കാവുന്നു. ഇതിന് പോലീസിനെപ്പോലും ദുരുപയോഗം ചെയ്യുന്നു. സതീശൻ കുറ്റപ്പെടുത്തി.
 

Latest News