- യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അടക്കം നാലുപേർ അറസ്റ്റിൽ
പാലക്കാട് - മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിൽ വച്ചാണ് സംഭവം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നാണ് ചാലിശ്ശേരി പോലീസ് ഷാനിബിനെ കൊണ്ടുപോയത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിലും പോലീസ് കർശന നടപടികൾ സ്വീകരിച്ചതായാണ് വിവരം.
തദ്ദേശ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി പാലക്കാട് ജില്ലയിലെത്തിയത്. പ്രതിഷേധങ്ങളിൽനിന്ന് രക്ഷപ്പെടാൻ റോഡ് മാർഗം യാത്ര ഒഴിവാക്കി നെടുമ്പാശ്ശേരിയിൽ നിന്ന് ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പാലക്കാട് എത്തിയത്.
രാവിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ പോലീസ് ഉദ്യോഗസ്ഥർ എത്തിയ വിഡിയോ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബ് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടിരുന്നു. മഹാരാജാവ് തൃത്താല സന്ദർശിക്കുന്നതിനാൽ യൂത്ത് കോൺഗ്രസുകാർ വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമാണെന്ന് ഷാനിബ് പറഞ്ഞു.
രാവിലെ വീടിന് പുറത്ത് പോലീസുകാരും വാഹനവുമാണ് കണ്ടത്. കോടതി എതിർത്ത കരുതൽ തടങ്കൽ ഇപ്പോഴുമുണ്ടോ എന്നും ഷാനിബ് ചോദിച്ചു. പൊലീസുകാർ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചെന്നും ഷാനിബ് ആരോപിച്ചു.
പുറത്ത് ആയിരം പേര് ഉള്ളപ്പോൾ എത്ര പേരെ നിങ്ങൾക്ക് തടവിൽ വക്കാനാവും? ജയിലറക്കുള്ളിൽ എത്ര കാലം അടച്ചിട്ടാലും മഹാരാജാവിനെതിരെ പ്രതിഷേധിച്ച് കൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ശിവസേന അധികാര തർക്കത്തിൽ ഉദ്ധവിന് തിരിച്ചടി; പാർട്ടി പേരും ചിഹ്നവും ഷിൻഡേ പക്ഷത്തിന്
മുംബൈ - ശിവസേനയുടെ പേരും ചിഹ്നവും സംബന്ധിച്ച തർക്കത്തിൽ ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള പക്ഷത്തിന് കനത്ത തിരിച്ചടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം. പാർട്ടിയുടെ ചിഹ്നമായ അമ്പും വില്ലും ഷിൻഡേ വിഭാഗത്തിന് ഉപയോഗിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. ഇത് പിതാവ് ബാൽതാക്കറെ സ്ഥാപിച്ച ശിവസേനക്കു വേണ്ടി രംഗത്തുള്ള ഉദ്ധവ് താക്കറെ നയിക്കുന്ന വിഭാഗത്തിന് കനത്ത പ്രഹരമാണ്. പാർട്ടിയുടെ അവകാശത്തർക്കവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് പാർട്ടി വിജയിച്ച വോട്ടുകളിൽ 76 ശതമാനവും ഷിൻഡേ വിഭാഗത്തിലുള്ള എം.എൽ.എമാർക്കൊപ്പമാണ്. ഉദ്ധവ് പക്ഷത്തിനുള്ളത് വെറും 23.5 ശതമാനം വോട്ടുകളാണെന്ന് തീരുമാനം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി.ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
2022 ജൂണിലാണ് ഏക്‌നാഥ് ഷിൻഡെ ശിവസേനയെ പിളർത്തി ബി.ജെ.പിയുടെ സഹായത്തോടെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. കഴിഞ്ഞ വർഷം മുതൽ പാർട്ടി ചിഹ്നത്തിനായി ഇരുവിഭാഗവും അവകാശത്തർക്കവുമായി മുന്നോട്ടുപോകുകയായിരുന്നു. കഴിഞ്ഞ നവംബറിൽ നടന്ന അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും തമ്മിൽ പാർട്ടി ചിഹ്നത്തിനായി പോര് മുറുകി. ഇതോടെ പാർട്ടി ചിഹ്നം മരവിപ്പിച്ച് ഇരുവിഭാഗത്തിനും പുതിയ ചിഹ്നം അനുവദിക്കുകയായിരുന്നു കമ്മിഷൻ. എന്നാൽ, പുതിയ പ്രഖ്യാപനത്തോടെ ശിവസേനയുടെ പഴയ പേരും ചിഹ്നവുമെല്ലാം ഉപയോഗിക്കാനുള്ള പൂർണമായ അധികാരമാണ് ഷിൻഡേ പക്ഷത്തിന് കൈവന്നിരിക്കുന്നത്. ഇത് മറികടക്കാൻ ഉദ്ധവ് താക്കറെ വിഭാഗം സ്വീകരിക്കുന്ന നടപടികൾ എന്താവുമെന്ന് കാത്തിരിക്കുകയാണ് മറാഠ രാഷ്ട്രീയം.