ന്യൂദല്‍ഹി- ജനപ്രിയ മെസേജിങ് അപ്ലിക്കേഷനായ വാട്‌സാപ്പിനോട് ഏറ്റുമുട്ടാന്‍ സ്വദേശി മെസേജിങ് ആപ്പെന്ന സൂത്രവുമായി പതജ്ഞലി ഉടമ ബാബ രാംദേവ്. ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് സ്വദേശി സമൃദ്ധി എന്ന പേരില്‍ സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് കിംഭോ എന്ന പേരില്‍ വാട്‌സാപ്പിനൊരു എതിരാളിയെ കൂടി പതജ്ഞലി അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാം. എന്തുണ്ട് വിശേഷം, എങ്ങിനെയിരിക്കുന്നു, പുതുതായി എന്തുണ്ട് എന്നൊക്കെയുള്ള ചോദ്യങ്ങളുടെ സംസ്‌കൃത വകഭേദമാണ് കിംഭോ എന്ന വാക്ക്. വാട്‌സാപ്പിലെ പോലെ ഗ്രൂപ്പ് ചാറ്റ്, വോയ്‌സ്, വീഡിയോ കോള്‍, സ്റ്റിക്കറുകള്‍, ലൊക്കേഷന്‍, ജിഫ്, ഫോട്ടോസ്, ഡൂഡ്ള്‍ എന്നിവ പങ്കുവയ്ക്കാവുന്ന ഫീച്ചറുകള്‍ കിംഭോ ആപ്പിലുമുണ്ടെന്നാണ് വാഗ്ദാനം.
മൂന്ന് ദിവസം മുമ്പ് അവതരിപ്പിച്ച സ്വദേശി സമൃദ്ധി സിം കാര്‍ഡുള്ളവര്‍ക്ക് പതജ്ഞലി ഉല്‍പ്പന്നങ്ങള്‍ 10 ശതമാനം കിഴിലില്‍ ലഭിക്കുമെന്നാണ് വാഗ്ദാനം. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചു തുടങ്ങിയ പതജ്ഞലി ഇപ്പോള്‍ ഭക്ഷ്യ, സൗന്ദര്യ വര്‍ധക, വസത്ര വിപണന രംഗത്തു വരെ സജീവമാണ്.