Sorry, you need to enable JavaScript to visit this website.

മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത ആരാധനാലയങ്ങള്‍ ഒരുമിച്ച്, യു.എ.ഇയിലെ ഏബ്രഹാമിക് ഹൗസ് ചരിത്രമാകും

അബുദാബി- മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത വിശ്വാസികളുടെ ആരാധനാലയങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കി അബുദാബി. സാദിയാത് ദ്വീപിലെ ഈ ആരാധനാലയ സമുച്ചയം യു.എ.ഇയുടെ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും പുതിയ സന്ദേശമായി. ഇത് സന്ദര്‍ശിക്കാന്‍ കുടുംബസമേതം എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുടുംബ ഗ്രൂപ്പ് വിസ നല്‍കാനും തീരുമാനമുണ്ട്.
ഒരേ കോമ്പൗണ്ടില്‍ ക്രിസ്ത്യന്‍, മുസ്‌ലിം പള്ളികളും സിനഗോഗും ഉള്‍ക്കൊള്ളുന്ന സമുച്ചയം എബ്രഹാമിക് ഫാമിലി ഹൗസ് എന്ന് അറിയപ്പെടും. സാദിയാത്ത് ദ്വീപിലെ ഇന്റര്‍ഫെയ്ത്ത് കോംപ്ലക്‌സ് മാര്‍ച്ച് ഒന്നിനു രാവിലെ 10 ന് സന്ദര്‍ശനത്തിനായി തുറക്കുമെന്ന് ഏബ്രഹാമിക് ഫാമിലി ഹൗസ് വെബ്‌സൈറ്റില്‍ പറഞ്ഞു.
ഇമാം അല്‍ ത്വയിബ് പള്ളി, സെന്റ് ഫ്രാന്‍സിസ് പള്ളി, മോസസ് ബിന്‍ മൈമണ്‍ സിനഗോഗ് എന്നിങ്ങനെയാണ് മൂന്ന് ആരാധനാലയങ്ങളുടെ പേരുകള്‍. 2019 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ആഗോള സമ്മേളനത്തില്‍ യു.എ.ഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനാണ് പദ്ധതിയുടെ രൂപരേഖ ആദ്യമായി അവതരിപ്പിച്ചത്. പഠനം, സംഭാഷണം, ആരാധന എന്നിവക്കുള്ളതാണ് ഈ ഇടം. ഇസ്‌ലാം മതം, ക്രിസ്തുമതം, ജൂതമതം എന്നീ മൂന്ന് ഏബ്രഹാമിക് വിശ്വാസങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വമുണ്ടാക്കുകയാണ് ലക്ഷ്യം.
ഘാന-ബ്രിട്ടീഷ് വാസ്തുശില്‍പിയായ സര്‍ ഡേവിഡ് അഡ്‌ജേയുടെതാണ് ഏബ്രഹാമിക് ഫാമിലി ഹൗസിന്റെ ഡിസൈന്‍.

 

Latest News