ന്യൂദല്‍ഹി- പ്രതികളുടെ അഭിഭാഷകരുടെ ദൈര്‍ഘ്യമേറിയ ക്രോസ് വിസ്താരങ്ങള്‍ ഉണ്ടെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണം 30 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വിചാരണ പൂര്‍ത്തിയാക്കുന്നതിനുള്ള സമയ പരിധി നിശ്ചയിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പകരം ഹരജി ഇനി പരിഗണിക്കുന്ന മാര്‍ച്ച് 24-ന് വിചാരണ സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് കൈമാറാന്‍ വിചാരണ കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ മതിയായ നടപടികള്‍ സ്വീകരിക്കണമെന്നും വിചാരണക്കോടതിക്കു നിര്‍ദേശം നല്കി. ഇതോടെ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള 44 സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള വഴിയാണ് ഒരുങ്ങുന്നത്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള നീക്കം വിചാരണ വൈകിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണെന്ന് നേരത്തെ ദിലീപ് ആരോപിച്ചിരുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തിലായിരുന്നു മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കരിക്കരുത് എന്ന് ദിലീപ് ആവശ്യപ്പെട്ടത്.
അതേസമയം, കേസിലെ വിചാരണ വൈകുന്നത് ഉചിതമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വിചാരണയ്ക്കുള്ള സമയം നാല് തവണ നീട്ടിയെന്നും, ഇപ്പോള്‍ തന്നെ വിചാരണ നടപടികള്‍ മൂന്ന് വര്‍ഷം പിന്നിട്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ 30 ദിവസം മതിയാകും എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ സ്വീകരിച്ച നിലപാട്. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം തേടി വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കേസില്‍ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അതിജീവിത ആവശ്യപ്പെട്ടു. വിസ്തരിക്കേണ്ടത് ആരോയെക്കെയാണെന്ന് ഹൈക്കോടതിയോ, സുപ്രീംകോടതിയോ അല്ല തീരുമാനിക്കേണ്ടത് എന്ന് ജസ്റ്റീസ് കെ.കെ. മഹേശ്വരി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
ഇനി വിസ്തരിക്കണെമെന്ന് പ്രോസിക്യുഷന് ആവശ്യപ്പെടുന്ന പലരും കേസില്‍ അപ്രസക്തമാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടി. എന്നാല്‍, ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് തങ്ങള്‍ക്ക് നിര്‍ദേശം നല്കാന് കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ള കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യുഷന് സാധിക്കും.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)