Sorry, you need to enable JavaScript to visit this website.

ഇറ്റലിയിരുന്ന്  അഫ്ഗാനിസ്ഥാന്റെ സൗന്ദര്യം  ഫാത്തിമ സഞ്ചാരികള്‍ക്ക് കാട്ടികൊടുക്കുന്നു

മിലന്‍-ഇറ്റലിയിരുന്ന്  അഫ്ഗാന്റെ സൗന്ദര്യം സഞ്ചാരികള്‍ക്ക് കാട്ടികൊടുക്കുകയാണ് ഫാത്തിമ എന്ന ടൂര്‍ ഗൈഡ്. ഫാത്തിമ ഹൈദരിയ്ക്ക് താലിബാന്‍ അധികാരത്തിലെത്തിയതോടെയാണ് രാജ്യം വിട്ട് ഒളിച്ചോടേണ്ടി വന്നത്.  എന്നാല്‍ മാതൃരാജ്യത്തോടുള്ള സ്‌നേഹം അടങ്ങാതെ ഉള്ളില്‍ സൂക്ഷിച്ച ഫാത്തിമ ഇന്ന് ഇറ്റലിയില്‍ ഇരുന്നുകൊണ്ട് സ്വന്തം രാജ്യത്തിലൂടെ സഞ്ചരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ വനിതാ ടൂറിസ്റ്റ് ഗൈഡ് ആയതിന്റെ പേരില്‍ നിരവധി അധിക്ഷേപങ്ങളും അക്രമങ്ങളും സഹിച്ചിട്ടുണ്ട്. 
വിര്‍ച്വല്‍ ടൂര്‍ ഗൈഡ് ആയ ഫാത്തിമ ഇറ്റലിയില്‍ ഇരുന്നുകൊണ്ടുതന്നെ അഫ്ഗാന്റെ സൗന്ദര്യം മറ്റുള്ളവര്‍ക്ക് കാട്ടികൊടുക്കുകയാണ്. അഫ്ഗാന്‍ നഗരമായ ഹേരത്തിലൂടെ സൈബര്‍ ടൂറിസ്റ്റുകളെ ഗൈഡ് ചെയ്യുകയാണ് ഫാത്തിമ ചെയ്യുന്നത്. ഗ്രാന്‍ഡ് മോസ്‌ക്, സിറ്റാഡെല്‍, ബസാര്‍ എന്നിവ സൂമിന്റെ സഹായത്തോടെ ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തുന്നു. 
2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചടക്കുന്നതുവരെ ഹേരത്തില്‍ ടൂര്‍ ഗൈഡ് ആയി ജോലിനോക്കുകയായിരുന്നു ഫാത്തിമ. ആദ്യമായി ടൂര്‍ ഗൈഡ് രംഗത്തെത്തിയ വനിതയെന്ന പേരില്‍ നിരവധി അതിക്രമങ്ങള്‍ സഹിച്ചിട്ടുള്ളതായി ഫാത്തിമ പറയുന്നു. പിശാചിന്റെ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നതെന്ന് പ്രാദേശിക മതനേതാക്കള്‍ ആരോപിച്ചു. തെരുവുകളില്‍ ആണ്‍കുട്ടികള്‍ തന്റെ നേര്‍ക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്നും ഫാത്തിമ വെളിപ്പെടുത്തി. മൂന്ന് വര്‍ഷം ജോലിചെയ്താണ് കോളേജില്‍ പോകാനും പുസ്തകങ്ങള്‍ വാങ്ങാനും മറ്റുമുള്ള പണം ഫാത്തിമ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി പ്രവേശനം നേടാന്‍ മാതാപിതാക്കളെ അനുനയിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് താലിബാന്‍ ഭരണം പിടിച്ചെടുത്തത്. ടൂര്‍ ഗൈഡായി പ്രവര്‍ത്തിക്കുന്നത് താലിബാന്‍ വിലക്കുമെന്നും നോട്ടമിടുമെന്നും പ്രദേശത്തെ മറ്റൊരു ടൂര്‍ ഗൈഡ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഫാത്തിമ രാജ്യം വിടുകയായിരുന്നു.
തന്റെ രാജ്യത്തേയ്ക്ക് മടങ്ങിപ്പോകുന്നതാണ് ഇപ്പോഴും സ്വപ്നം കാണുന്നതെന്ന് ഫാത്തിമ പറയുന്നു. നാട്ടിലെത്തി സ്വന്തമായി ട്രാവല്‍ ഏജന്‍സി തുടങ്ങണം. അവിടെ ടൂര്‍ ഗൈഡുകളായി വനിതകളെ നിയമിക്കണം. താലിബാന്‍ അഫ്ഗാനില്‍ ഉള്ളടത്തോളം അത് തന്റെ വീടല്ലെന്നും ഫാത്തിമ പറയുന്നു. വിര്‍ച്വല്‍ ടൂര്‍ ഗൈഡായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് കിട്ടുന്ന വരുമാനം അഫ്ഗാനിലെ വനിതകള്‍ക്കായി രഹസ്യമായി നടത്തുന്ന ഇംഗീഷ് ക്‌ളാസുകള്‍ക്കായാണ് ചെലവഴിക്കുന്നത്. ഇറ്റലിയിലെ മിലാന്‍ ബോക്കോണി യൂണിവേഴ്സിറ്റിയില്‍ പൊളിറ്റിക്സ് പഠിക്കുകയാണ് 24കാരിയായ ഫാത്തിമ ഇപ്പോള്‍.
 

Latest News