Sorry, you need to enable JavaScript to visit this website.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യ അക്ഷിത മൂര്‍ത്തിയും  മക്കളും ഗോവയില്‍ അവധി ആഘോഷിക്കാനെത്തി 

മുംബൈ-  ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെ ഭാര്യയും ഇന്ത്യക്കാരിയുമായ അക്ഷിത മൂര്‍ത്തിയും മക്കളും ഗോവയില്‍ അവധി ആഘോഷത്തിനെത്തി. ബ്രിട്ടിഷ് പ്രഥമവനിതയെന്ന നിലയിലായിരുന്നില്ല, മറിച്ച് സ്വകാര്യ സന്ദര്‍ശനത്തിലായിരുന്നു അക്ഷിത സന്ദര്‍ശിച്ചിരിക്കുന്നത്. ഗോവയിലെ കടല്‍ത്തിരകളിലൂടെ സ്പീഡ് ബോട്ട് യാത്ര ആസ്വദിക്കുകയും ചെയ്തു അക്ഷത മൂര്‍ത്തി. മക്കളെയും കൂട്ടിയായിരുന്നു അവധി ആഘോഷിക്കാന്‍ അക്ഷിത എത്തിയത്.
ബ്രിട്ടന്റെ പ്രധാനമന്ത്രിയായ സുനക്കിന്റെ ഭാര്യ അപ്രതീക്ഷിത സന്ദര്‍ശനത്തിലൂടെ ബെനൗലിം ബീച്ചിലുണ്ടായിരുന്നവരെ വിസ്മയിപ്പിച്ചു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തിയുടെയും സുധ മൂര്‍ത്തിയുടെയും മകളായ അക്ഷത ഗോവ യാത്രയില്‍ അമ്മയെയും ഒപ്പം കൂട്ടിയിരുന്നു. മക്കളായ അനൗഷ്‌കയും കൃഷ്ണയും സ്പീഡ് ബോട്ടിലെ യാത്രയുള്‍പ്പെടെ നന്നായി ആസ്വദിച്ചു.
ഒട്ടേറെ ഗോവക്കാര്‍ ബ്രിട്ടനിലുണ്ടെന്നും അവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും അക്ഷിതയ്ക്കായി സ്പീഡ് ബോട്ട് ഏര്‍പ്പെടുത്തിയ നാട്ടുകാരന്‍ പെലെ അഭ്യര്‍ത്ഥിച്ചപ്പോള്‍ അക്കാര്യം ഏറ്റെന്നായിരുന്നു പുഞ്ചിരിയോടെ പ്രതികരണം. ഇന്ത്യന്‍ പൗരത്വമുള്ള വ്യക്തിയാണ് അക്ഷിത എന്നതിനാല്‍ ഏതു സമയവും ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്താം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ സുനക്ക് അധികം താമസിയാതെ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഫോസിസ് സഹസ്ഥാപകരായ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളാണ് അക്ഷിത.
ബ്രിട്ടീഷ് രാജാവിനേക്കാള്‍ സമ്പന്നനാണ് അക്ഷിത. 42-കാരിയായ അക്ഷിതയ്ക്ക് ഇന്‍ഫോസിസില്‍ നൂറു കോടിയില്‍ അധികം ഡോളര്‍ വിലമതിക്കുന്ന ഓഹരിയുണ്ട്. സണ്‍ഡേ ടൈംസിന്റെ 2021-ലെ ധനികരുടെ പട്ടികപ്രകാരം ബ്രിട്ടീഷ് രാജ്ഞിയുടെ സമ്പാദ്യം 46 കോടി ഡോളര്‍ മാത്രമാണ്. അച്ഛന്റേയും ഭര്‍ത്താവിന്റേയും പേരില്‍ അറിയപ്പെടാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത വ്യക്തിയാണ് അക്ഷിത. കുട്ടിക്കാലം മുതല്‍ ഫാഷന്‍ ഡിസൈനിങ്ങിനോട് താത്പര്യമുണ്ടായിരുന്ന അവര്‍ ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിലേക്ക് വിമാനം കയറി. കാലിഫോര്‍ണിയയിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനവും തിരഞ്ഞെടുത്തു. അതിനുശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ എം.ബി.എ. ചെയ്തു.

Latest News