തിരുനന്തപുരം- മുസ്‌ലിം വിരുദ്ധ പ്രത്യയശാസ്ത്രം ഉൾവഹിക്കുന്ന ആർ.എസ്.എസുമായി ജമാഅത്തെ ഇസ്‌ലാമി നടത്തിയ ചർച്ചയുടെ ഉള്ളടക്കവും ധാരണയും വ്യക്തമാക്കാൻ ഇരുപക്ഷവും തയാറാകണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ടു. ഗാന്ധി വധത്തിനെ ന്യായീകരിക്കുകയും ബാബരി ധ്വംസനത്തിന് നേതൃത്വം നൽകുകയും തകർക്കേണ്ട മറ്റു പള്ളികളുടെ ലിസ്റ്റ് തയാറാക്കി വിഷം ചീറ്റുകയും ചെയ്യുന്ന ആർ.എസ്.എസ് കുതന്ത്രത്തിന്റെ ഭാഗമാണ് ന്യൂനപക്ഷ സംഘടനകളുമായുള്ള ചർച്ചാ നാടകം.
മുഖ്യധാരാ മുസ്‌ലിം സംഘടനകളെല്ലാം ഈ ചതിക്കുഴി തിരിച്ചറിഞ്ഞു മുന്നേറുമ്പോൾ അവരുമായി ജമാഅത്തെ ഇസ്‌ലാമി നേതൃത്വം നടത്തിയ ചർച്ചകൾ ദുരൂഹവും ഭീരുത്വവുമാണ്. ഉഭയകക്ഷി ചർച്ചകളിലൂടെ ആർ.എസ്.എസിനെ നേർവഴിയിലാക്കാമെന്ന് കരുതുന്നതിലും മൗഢ്യം മറ്റൊന്നില്ല. ജമാഅത്തെ ഇസ്‌ലാമിയെ ചേർത്തുനിർത്തി മുഖംമിനുക്കാൻ സംഘ്പരിവാർ നടത്തുന്ന ചതുരോപായങ്ങൾക്കെതിരെ മതനിരപേക്ഷ സമൂഹവും മതവിശ്വാസികളും ഉയർന്ന ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.