തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ വാക്‌പോര്. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിവരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിനിടെ പോലീസിനെ ഭരിക്കുന്നത് പോലീസ് മേധാവിയല്ല, ഉപദേശകനായ രമൺ ശ്രീവാസ്തവ ആണെന്ന ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യം ഉയർത്തിയപ്പോഴാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്. ചെന്നിത്തല വിടുവായത്തം പറയാൻ കേമനാണ്. അതിന്റെ ഭാഗമായിട്ട് പറയുന്നതാണ്. അത് അങ്ങനെ എന്നെക്കൊണ്ടു പറയിപ്പിക്കരുത് നിങ്ങൾ. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം എന്താണെന്ന് പിടികിട്ടിയിട്ടില്ല അദ്ദേഹത്തിന് ഇതുവരെ, അതിന്റെ ഭാഗമായിട്ട് പറയുന്നതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം അവസാനിച്ച് അരമണിക്കൂറിനകം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനം വിളിച്ചുചേർത്തു മുഖ്യമന്ത്രിക്ക് മറുപടി നൽകി. ഇ.എം.എസിനെ പോലെ മഹാൻമാർ ഇരുന്ന കസേരയിലാണു പിണറായി ഇരിക്കുന്നതെന്നോർക്കുമ്പോൾ സഹതാപമുണ്ട്. മുഖ്യമന്ത്രിപ്പണി തനിക്കു പറ്റില്ലെന്ന മനസിലാക്കിയതിന്റെ ജാള്യമാണ് പിണറായിക്ക്. മുഖ്യമന്ത്രിക്ക് മാനസികനില തെറ്റിയ നിലയിലാണ്. അദ്ദേഹത്തിന്റെ കഴിവുകേട് മറച്ചുവക്കാൻ മാധ്യമങ്ങളുടേയും പ്രതിപക്ഷത്തിന്റെയും മേലേ കയറിയിട്ടു കാര്യമില്ല. ഭരിക്കാൻ അറിയില്ലെങ്കിൽ അതു തുറന്നു പറയാൻ പിണറായി തയാറാകണം.
ഗാന്ധിനഗർ എസ്.ഐ സുരക്ഷാ ഡ്യൂട്ടിക്ക് ഇല്ലായിരുന്നു എന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി ചിത്രങ്ങൾ സഹിതം തെളിവുകൾ പുറത്തുവന്നപ്പോൾ മലക്കം മറിഞ്ഞു. ഇതോടെ ആരാണു വിടുവായത്തം പറയുന്നതെന്നു ജനത്തിനു മനസിലായി. ഇതു കേരളമാണെന്നു പിണറായി ഓർക്കണം. പാർട്ടി പ്രവർത്തകർ അദ്ദേഹത്തിനു മുന്നിൽ പഞ്ചപുച്ഛമടക്കിനിന്നു പറയുന്നതു കേൾക്കുമായിരിക്കും.
എന്നാൽ മാധ്യമങ്ങളും പ്രതിപക്ഷവും അത്തരത്തിൽ നിൽക്കുമെന്നു കരുതരുത്. പിണറായി അല്ല ഏതു മഹാരാജാവാണെങ്കിലും പറയാനുള്ളത് താൻ പറയുമെന്നും ചെന്നിത്തല തുറന്നടിച്ചു.