മലപ്പുറം-ആർ.എസ്.എസ് നേതൃത്വവുമായി ജമാഅത്തെ ഇസ്്‌ലാമി നടത്തിയ ചർച്ചക്കെതിരെ വിവിധ സംഘടനകൾ രംഗത്ത്. ആർ.എസ്.എസുമായോ ബി.ജെ.പിയുമായോ ചർച്ച നടത്തേണ്ട സഹചര്യം നിലവിൽ ഇല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഴുവൻ മതേതര കക്ഷികളും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന കേന്ദ്ര സർക്കാറിനെതിരെ പോരാട്ടത്തിലാണ്. ഈ സഹചര്യത്തിൽ ആർ.എസ്.എസുമായി ചർച്ച നടത്തേണ്ട ഒരു കാര്യവുമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആർ.എസ്.എസുമായി സന്ധി ചർച്ച നടത്തുന്നത് വൻ അപകടമുണ്ടാക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ കോഴിക്കോട്ട് പറഞ്ഞു. ആർ.എസ്.എസുമായി ചർച് നടത്താൻ ജമാഅത്തെ ഇസ്ലാമിക്ക് സ്വന്തം താൽപര്യമുണ്ടാകുമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. മതേതരത്വത്തെ വെല്ലുവിളിക്കുന്നവരാണ് ബി.ജെ.പിയും ആർ.എസ്എസുമെന്നും അവരോട് അഡ്ജസ്റ്റുമെന്റ് നടത്തുന്നത് ശരിയായ രീതിയല്ലെന്നും സമസ്ത നേതാവ് സമദ് പൂക്കോട്ടൂർ പറഞ്ഞു.