സേലം-കോവിഡിന്റെ ഈറ്റില്ലമായ ചൈന എന്തും ചെയ്യും. അതാണല്ലോ ഇപ്പോള്‍ യു.എസിലും കാനഡയിലും ആകാശത്ത് ബലൂണ്‍ രൂപത്തില്‍ ചാര പേടകങ്ങളെത്തുന്നത്. വെടിവെച്ചു വീഴ്ത്തിയ ചൈനീസ് പേടകത്തെ കുറിച്ച് അമേരിക്കയിലെ വിദഗ്ദര്‍ പഠിച്ചു വരുന്നതേയുള്ളു. ഇന്ത്യയ്ക്കാണെങ്കില്‍ ചൈന മുമ്പൊന്നുമില്ലാത്ത വിധം ഭീഷണി ഉയര്‍ത്തുന്നുണ്ട്. അരുണാചല്‍ പ്രദേശില്‍ നമ്മുടെ ഭൂമി കൈയേറിയ ചൈന ഇപ്പോള്‍ ആണവ ശേഷി വര്‍ധിപ്പിക്കാനുള്ള തിരക്കിലുമാണ്. ഇത് ഇന്ത്യയ്ക്ക് നേരെ പ്രയോഗിക്കാനാവുമെന്നാണ് ആശങ്ക. ചൈനയുടെ ചാരക്കപ്പലുകള്‍ ഇന്ത്യയെ ലക്ഷ്യംവെച്ച് ശ്രീലങ്കന്‍ തുറമുഖത്തേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് ചൈനീസ്
അക്ഷരങ്ങള്‍ രേഖപ്പെടുത്തിയ സിലിണ്ടര്‍ ഒഴുകി നാഗപട്ടണം തീരത്തണഞ്ഞത്. ചുവന്ന ചൈനീസ് അക്ഷരങ്ങളുള്ള വെള്ള സിലിണ്ടര്‍ ചൊവ്വാഴ്ചയാണ് നാഗപട്ടണത്തെ നമ്പ്യാര്‍ നഗര്‍ മത്സ്യ ബന്ധന ഗ്രാമത്തിലെ തീരത്ത് അടിഞ്ഞത്. ഇതുകണ്ട മീന്‍പിടിത്തക്കാര്‍ ഉടന്‍തന്നെ കോസ്റ്റല്‍ സെക്യൂരിറ്റി ഗ്രൂപ്പിനെ അറിയിച്ചു. ചൈനീസ് സിലിണ്ടറുകള്‍ തീരത്തണഞ്ഞത് പല അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചെങ്കിലും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
ലോക്കല്‍ പോലീസും ക്യൂ ബ്രാഞ്ചും ബോംബു സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിലെഴുതിയത് എന്താണെന്നറിയാന്‍ ചൈനീസ് ഭാഷ അറിയുന്നവരുടെ സഹായം തേടിയിട്ടുണ്ട്.
മൂന്ന് അടി ഉയരമുള്ള ഒഴിഞ്ഞ സിലിന്‍ഡറിന് 18 കിലോഗ്രാം തൂക്കമുണ്ട്. വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന അസറ്റിലിന്‍ ഗ്യാസിന്റെ കുറ്റിയാണിതെന്നാണ് നിഗമനം. കപ്പലിലോ ബോട്ടിലോ വെല്‍ഡിങ്ങിനുവേണ്ടി കൊണ്ടുവന്ന സിലിണ്ടര്‍ അബദ്ധത്തില്‍ കടലില്‍വീഴുകയും ഒഴുകി തീരത്തെത്തുകയും ചെയ്തതാണെന്നാണ് കരുതുന്നത്. അപകട ഭീഷണിയൊന്നും ഇല്ലെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി തമിഴ്നാട് പോലീസ് അറിയിച്ചു.
വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറാണിതെന്ന് കരുതുന്നതായും അപകടസാധ്യത ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഷോപ്പിംഗ് കേന്ദ്രത്തിന്റെ പേരാണ് ഇതിലെഴുതിയിരിക്കുന്നതെന്ന് കോസ്റ്റ് ഗാര്‍ഡ് മോധാവി രാജേശ്വര്‍ അറിയിച്ചു. ജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.