Sorry, you need to enable JavaScript to visit this website.

ബി.ബി.സി ഇന്ത്യ വിടണം; ദൽഹിയിൽ ഹിന്ദു സേനയുടെ പ്രതിഷേധം

ന്യൂദൽഹി- ബി.ബി.സി ഇന്ത്യ വിടണം എന്നാവശ്യപ്പെട്ട് ദൽഹിയിൽ ഹിന്ദു സേന പ്രവർത്തകരുടെ പ്രതിഷേധം. ദൽഹിയിൽ ബി.ബി.സി ആസ്ഥാനത്തിന് മുന്നിലാണ് ഹിന്ദു സേന പ്രവർത്തകർ പ്രതിഷേധിച്ചത്. ബി.ബി.സി ഓഫീസിന് മുന്നിലുള്ള സുരക്ഷ തുടർന്ന് പോലീസ് വർധിപ്പിച്ചു. ഇൻഡോ-ടിബെറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി) ജവാന്മാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 
അതേസമയം, ബി.ബി.സി ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന രണ്ടാം ദിവസമായ ബുധനാഴ്ചയും തുടർന്നു. ബി.ബി.സി ഓഫീസുകളിലെ ഡിജിറ്റലായും അല്ലാതെയുമുള്ള വിനിമയങ്ങളുടെയും മറ്റും പകർപ്പുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. ദൽഹി, മുംബൈ ഓഫീസുകളിലെ ജീവനക്കാരുടെ മൊബൈൽ ഫോണുകളും സ്ഥാപനത്തിൽ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചു. ബി.ബി.സിയിൽ ആദായ നികുതി വകുപ്പ് നടത്തുന്ന സർവേയുടെ വിശദ വിവരങ്ങൾ പിന്നാലെ വ്യക്തമാക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ വ്യക്തമാക്കി. ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് സർവേ നടത്തുന്നത്. നടപടികൾ പൂർത്തിയായാൽ ഉടൻ വിശദ വിവരങ്ങൾ വെളിപ്പെടുത്തും. നടപടികളെക്കുറിച്ച് ആദായ നികുതി ഉദ്യോഗസ്ഥർ പത്രക്കുറിപ്പ് ഇറക്കുകയോ പത്രസമ്മേളനം വിളിച്ച് വിശദീകരണം നൽകുകയോ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ബി.ബി.സിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര നികുതി വിവരങ്ങളും പണമിടപാട് രേഖകളും പരിശോധിച്ചു. പ്രധാനമായും ടാക്‌സ്, ഷെൽ കമ്പനി, ഫണ്ട് ട്രാൻസ്ഫർ, ഫോറിൻ ട്രാൻസ്ഫർ എന്നീ കീവേർഡുകൾ ഉപയോഗിച്ചാണ് ജീവനക്കാരുടെ ലാപ്‌ടോപ്പുകളിൽ തെരച്ചിൽ നടത്തിയത്. എന്നാൽ, എഡിറ്റോറിയൽ സംബന്ധിച്ച ഉള്ളടക്കങ്ങൾ പരിശോധിക്കാൻ അനുവദിക്കില്ലെന്ന് ബി.ബി.സി എഡിറ്റർമാർ നികുതി വകുപ്പ് ഉദ്യോഗസ്ഥരോടു വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ വ്യക്തിഗത വരുമാനത്തെക്കുറിച്ചുള്ള ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടെന്ന് ബി.ബി.സി നിർദേശം നൽകി. ശമ്പള വിവരങ്ങൾ ഉൾപ്പടെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകണം. നികുതി വകുപ്പ് ഉദ്യോഗസ്ഥരോട് സഹരികരിക്കണമെന്നും ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ബ്രോഡ്കാസ്റ്റിംഗ് വിഭാഗം ജീവനക്കാരോട് വീട്ടിൽ ഇരുന്നു ജോലി ചെയ്താൽ മതിയെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക പീഡനം നേരിടേണ്ടി വന്നാൽ അവർക്ക് എല്ലാ പിന്തുണയും നൽകും. ഇത്തരം പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്ന ജീവനക്കാർ തങ്ങളുടെ തന്നെ കൗൺസിലർമാരുമായി ബന്ധപ്പെടണമെന്നും ബി.ബി.സി നിർദേശിച്ചു.
 

Tags

Latest News