റിയാദ് - സൗദി പ്രൊഫഷനൽ ലീഗിൽ അന്നസ്ർ, അൽവഹ്ദ ക്ലബ്ബുകൾ തമ്മിൽ നടന്ന മത്സരത്തിന്റെ ആവേശത്തിൽ ലയിക്കാൻ സ്റ്റേഡിയത്തിൽ നേരിട്ടെത്തി അന്നസ്ർ ക്ലബ്ബ് ആരാധകനായ അന്ധയുവാവ്. അന്നസ്ർ ക്ലബ്ബിന്റെ കടുത്ത ആരാധകനായ താനുമായി ക്ലബ്ബ് അധികൃതർ ആശയവിനിമയം നടത്തണമെന്നും തന്നെ നേരിട്ട് സന്ദർശിക്കണമെന്നുമാണ് അന്ധയുവാവ് അലി അൽഅസ്മരി ആഗ്രഹിക്കുന്നത്. എട്ടു വർഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ് തനിക്ക് കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടതെന്ന് അലി അൽഅസ്മരി പറഞ്ഞു. അന്നസ്ർ, അൽവഹ്ദ ക്ലബ്ബുകൾ തമ്മിലെ മത്സരത്തിന് സഹോദരനൊപ്പമാണ് താൻ സ്റ്റേഡിയത്തിലെത്തിയത്. സഹോദരനാണ് ഗ്രൗണ്ടിലെയും ഗ്യാലറിയിലെയും വിശദാംശങ്ങൾ തനിക്ക് വിശദീകരിച്ചു തന്നത്.
മത്സരത്തിൽ നാലു ഗോളുകൾ നേടിയ അന്നസ്ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വാഭാവിക തുടക്കമാണ് കുറിച്ചത്. ശേഷിക്കുന്ന മത്സരങ്ങളിലും മികച്ച ഫോം റൊണാൾഡോ നിലനിർത്തുമെന്നാണ് കരുതുന്നത്. സൗദി പ്രൊഫഷനൽ ലീഗ് താരവും ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരവുമായി റൊണാൾഡോ മാറും. സൗദി പ്രൊഫഷനൽ ലീഗ് കപ്പ് അന്നസ്ർ ക്ലബ്ബ് നേടുമെന്നും അലി അൽഅസ്മരി പറഞ്ഞു.فيديو | المشجع النصراوي الكفيف علي الأسمري يحكي قصة حضوره لمباراة النصر والوحدة وتفاصيل شرح أخيه لأحداثها ويقول: أتمنى الحضور إلى النادي#الراصد pic.twitter.com/CRqXvOyBzS
— الراصد (@alraasd) February 13, 2023
അന്നസ്ർ താരമായിരുന്ന മാജിദ് അബ്ദുല്ല കാരണമാണ് ക്ലബ്ബിനെ താൻ ഇഷ്ടപ്പെട്ടത്. 1984 ഏഷ്യൻ കപ്പ് നേടിയ സൗദി ടീമിൽ അംഗങ്ങളായിരുന്ന മാജിദ് അബ്ദുല്ലയും ജംആനും യൂസുഫ് ഖമീസും സൗദി അറേബ്യയുടെ ഫുട്‌ബോൾ മുഖങ്ങളാണെന്നും അലി അൽഅസ്മരി പറഞ്ഞു. അന്നസ്ർ, അൽവഹ്ദ ക്ലബ്ബുകൾ തമ്മിലെ മത്സരം വീക്ഷിക്കാൻ അന്ധനായ അലി അൽഅസ്മരി ഗ്യാലറിയിലെത്തിയത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗ്യാലറിയിലുള്ള അന്ധയുവാവിന് സഹോദരൻ കളിയെ കുറിച്ച് വിശദീകരിച്ചു നൽകുന്നതിന്റെ ദൃശ്യങ്ങൾ സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മത്സരത്തിൽ നാലു ഗോളുകൾക്ക് അന്നസ്ർ വിജയിച്ചു. അന്നസ്ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് നാലു ഗോളുകളും നേടിയത്.