ആലപ്പുഴ-ആലപ്പുഴയിലെ സിപിഎം നേതാവ് എ പി സോണയ്‌ക്കെതിരെ താന്‍ ലൈംഗിക പീഡന പരാതി നല്‍കിയിട്ടില്ലെന്ന് യുവതി. സാമ്പത്തിക ഇടപാടിലെ പരാതിയാണ് സിപിഎം നേതാക്കളോട് പറഞ്ഞത്. ഇത് ലൈംഗിക പീഡനപരാതിയായി മാറ്റി എഴുതുകയായിരുന്നുവെന്നും പരാതിക്കാരി പറയുന്നു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിഷ്ണു, ഭാര്യ, ബീച്ച് വാര്‍ഡ് സിപിഎം ബ്രാഞ്ച് സെക്രട്ടറി മാവോ എന്നിവര്‍ ചേര്‍ന്നാണ് ഇത് പീഡനപരാതിയാക്കിയത്. പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത വിധം നാണം കെട്ട അവസ്ഥയിലാണ്. തനിക്ക് രണ്ടു പെണ്‍മക്കളുള്ളതാണെന്നും പരാതിക്കാരി പറയുന്നു.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി നാസറിനും പരാതി നല്‍കിയതായും പരാതിക്കാരി വ്യക്തമാക്കി. കിട്ടാനുള്ള പൈസ വാങ്ങിത്തരാം എന്ന് ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ തമ്മിലുള്ള ശത്രുത തീര്‍ക്കാന്‍ തങ്ങളെ കരുവാക്കുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
ആത്മഹത്യയുടെ വക്കിലാണ് താനിപ്പോള്‍. തന്നെയും മകളെയും ഉപദ്രവിച്ചു എന്നെല്ലാമാണ് പരാതിയില്‍ എഴുതിവെച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെയുള്ള സംഭവങ്ങളൊന്നും നടന്നിട്ടില്ല. അതെല്ലാം വ്യാജമായി എഴുതി ചേര്‍ത്തതാണ്. വിഷ്ണുവാണ് പരാതി എഴുതിക്കൊണ്ടു വന്നതെന്നും യുവതി പറഞ്ഞു.
ഇങ്ങനെയെല്ലാം എഴുതിയാല്‍ മാത്രമേ പൈസയുടെ കാര്യത്തില്‍ മുന്നോട്ടു പോകാന്‍ പറ്റുകയുള്ളൂ എന്നാണ് പറഞ്ഞത്. കുട്ടിയുടെ കയ്യക്ഷരത്തിലാണ് എഴുതിച്ചത്. പാര്‍ട്ടിയിലെ ശത്രുതയില്‍ തങ്ങളെ കരുവാക്കുകയായിരുന്നു. ഇവരെ വിശ്വാസത്തിലെടുത്തതിനാല്‍ പരാതി വായിച്ചിരുന്നില്ല. എല്ലാ ഓപ്പറേഷനും ഇവര്‍ വഴിയാണ് നടക്കുന്നതെന്നും പരാതിക്കാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലൈംഗിക പീഡനപരാതിയില്‍ എ പി സോണയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സിപിഎം ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സോണയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് ഒരുമാസത്തിന് ശേഷമാണ് പരാതിക്കാരില്‍ ഒരു സ്ത്രീ വാര്‍ത്താ സമ്മേളനം നടത്തിയത്. തനിക്ക് സോണയുമായി സാമ്പത്തിക ഇടപാടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുമ്പ് നല്‍കിയ പണം തിരികെ കിട്ടാന്‍ പല തവണ ആവശ്യപ്പെട്ടു. എന്നാല്‍ സോണ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഇതേത്തുടര്‍ന്നാണ് സിപിഎം നേതാവായ വിഷ്ണുവിനോട് ഇക്കാര്യം പറയുന്നതെന്നും യുവതി പറയുന്നു.